കൊച്ചി: വിവാദങ്ങളില്‍ ഇടം പിടിച്ച കല്ലട ഗ്രൂപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കല്ലട ബസിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. കല്ലട ഗ്രൂപ്പിന്റെ സര്‍വീസ് തടഞ്ഞുവയ്ക്കുന്നതും കല്ലട ഓഫീസ് താഴിട്ട് പൂട്ടുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. അതിനിടയിലാണ് കല്ലട ബസിന്റെ പേര് തന്നെ മാറ്റി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ‘കല്ലട’ എന്നതിന് പകരം ‘കൊല്ലടാ’ എന്ന സ്റ്റിക്കര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒട്ടിച്ചു. ബസ് വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രോഷം പ്രകടിപ്പിച്ചത്. ബസിന്റെ ഗ്ലാസില്‍ തലയോട്ടി അടങ്ങുന്ന അപായ ചിഹ്നവും പതിച്ചിട്ടുണ്ട്. നാട്ടുകാരെ കണ്ടോളൂ..കല്ലടയല്ലിത് കൊല്ലടയാണേ…ആളെ കൊല്ലും കൊല്ലട ബസേ…എന്ന മുദ്രാവാക്യങ്ങളോടെയാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്.
Read Also: കല്ലട ഓഫീസ് താഴിട്ട് പൂട്ടി ഡിവൈഎഫ്ഐ; പ്രതിഷേധ മാർച്ചും നടത്തി
യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാപ്പ് പോലും പറയാത്ത കല്ലട ബസ് അധികൃതരുടെ നയം ജനങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് പറയുകയുണ്ടായി. കല്ലട ബസിൽ നടന്ന സംഭവങ്ങൾ അവരുടെ മാനേജ്മെന്റിലെ പ്രശ്നമാണ്. വിഷയത്തിൽ അസോസിയേഷനിൽ അംഗമായ സുരേഷ് കല്ലടയോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും വാക്കാലുള്ള മറുപടി മാത്രമാണ് ലഭിച്ചത്. കുറ്റം ചെയ്തവരെ അദ്ദേഹം പിരിച്ചുവിട്ടെന്നാണ് അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മരടില്‍ കല്ലട ബസിലെ യാത്രക്കാരെ ആക്രമിച്ച സംഭവം കഴിഞ്ഞിട്ട് രണ്ട് മാസമായി. എന്നിട്ടും കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും. അത് വളരെ ഗുരുതരമായ പ്രശ്നമാണ്. അന്തർ സംസ്ഥാന ബസുകൾ നാളെ സമരം തുടങ്ങുമെന്ന് അറിയിച്ചിട്ടില്ല. നോട്ടീസ് നൽകാതെയാണ് ബസുകളുടെ സമരം. അന്തർ സംസ്ഥാന റൂട്ടുകളിൽ പല സ്വകാര്യ ബസുകളും ചട്ടവിരുദ്ധമായാണ് സർവീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: കല്ലടയുടെ ലീലാവിലാസങ്ങള്‍; യുവതിയെ രാത്രിയില്‍ പെരുവഴിയിലാക്കിയെന്ന് ആരോപണം
കോഴിക്കോട്ടെ കല്ലട ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം താഴിട്ട് പൂട്ടിയിരുന്നു. കല്ലട ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇനി അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ പറഞ്ഞു. പാളയത്തെ കല്ലടയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി പി.നിഖില്‍, പ്രസിഡന്റ് വി.വസീഫ് എന്നിവരാണ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കല്ലട ബസില്‍ വച്ച് യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.
യാത്രക്കാരിക്കു നേരെ പീഡന ശ്രമമുണ്ടായെന്നാണ് ആരോപണം. സംഭവത്തിൽ ബസിലെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിന്റെ രണ്ടാം ഡ്രൈവർ ജോൺസൺ ജോസഫാണ് പ്രതി. കണ്ണൂരിൽ നിന്നും കൊല്ലത്തേക്കു പോകുന്ന ബസിലാണ് തമിഴ് യുവതിക്കു നേരെ പീഡന ശ്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് ബസ് തേഞ്ഞിപ്പാലം പൊലീസ് പിടിച്ചെടുത്തു. യാത്രക്കാരിയുടെ പരാതിയില്‍ ഡ്രൈവര്‍ ജോണ്‍സന്‍ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
യാത്രക്കാരിക്കു നേരെ നടന്ന പീഡന ശ്രമത്തെ തുടർന്ന് കല്ലട ട്രാവൽസിന്റെ ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തിട്ടുണ്ട്. തിരുവനന്തപുരത്തെ ഓഫീസാണ് തകർത്തത്. ഓഫീസിന് നേരെ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. യാത്രക്കാരെ മർദിച്ചതിന്റെ പേരിൽ വിവാദത്തിലായ സുരേഷ് കല്ലടയുടെ ഉടമസ്ഥതയിലുള്ള കല്ലട ബസ് ഇതോടെ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.
ബസിന് നേരെ തുടർച്ചയായി പരാതികളുയരുന്ന സാഹചര്യമാണ് നിലവിൽ. ഈ മാസം ആദ്യം 23 കാരിയായ മലയാളി യുവതിയെ പെരുവഴിയിലാക്കിയതിന്റെ പേരിലായിരുന്നു കല്ലട ട്രാവല്‍സ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. രാത്രി ഭക്ഷണത്തിനായി ബസ് നിര്‍ത്തിയ ശേഷം യുവതിയെ കയറ്റാതെ ബസ് വീണ്ടും യാത്ര ആരംഭിച്ചതായാണ് ആരോപണം. ഹൈവേയിലൂടെ ബസിന് പിന്നാലെ പെണ്‍കുട്ടി ഓടിയെന്നും പറയുന്നു. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി.
ബസിലെ യാത്രക്കാരായ യുവാക്കളെ മർദിച്ച കേസിൽ കല്ലടയിലെ ജീവനക്കാർ അടക്കം കുറ്റാരോപിതരാണ്. അതിനിടയിലാണ് പുതിയ ആരോപണം. രണ്ടു യുവാക്കളെ കല്ലട ബസ് ജീവനക്കാർ കൂട്ടമായി മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യം പുറത്തുവന്നത്. വാർത്തയായതോടെ പൊലീസ് നടപടിയുണ്ടായി. സംഭവുമായി ബന്ധപ്പെട്ട് എട്ടോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.