താൻ കോൺഗ്രസിൽ ചേർന്നെന്ന വാർത്ത നിഷേധിച്ച് പ്രമുഖ നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ. ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകളിൽ ആരും വിശ്വസിക്കരുതെന്നും ഷാജോൺ അഭ്യർഥിച്ചു. “കലാഭവൻ ഷാജോണും കുടുംബവും കോൺഗ്രസിൽ ചേർന്നു” എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ കുടുംബ ചിത്രവും ചേർത്ത് പ്രചരിപ്പിക്കപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

“ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്,” ഷാജോൺ കുറിച്ചു.

ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത് ☺️

Posted by Kalabhavan Shajohn on Monday, 29 March 2021

ധർമ്മജൻ, രമേഷ് പിഷാരടി, ഇടവേള ബാബു തുടങ്ങി നിരവധി സിനിമ പ്രവർത്തകർ നേരത്തേ കോൺഗ്രസിൽ ചേർന്നിരുന്നു. ബാലുശ്ശേരിയിൽ നിന്ന് കോൺഗ്രസിനായി ഇക്കുറി ജനവിധി തേടുന്നത് ധർമജൻ ബോൾഗാട്ടിയാണ്.

Read More: കോൺഗ്രസ് തിരിച്ചുവരണമെന്ന് പറയണമെങ്കിൽ എന്റെ ബുദ്ധിക്ക് തകരാറുണ്ടാകണം: ഇന്നസെന്റ്

നേരത്തേ നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഇന്നസെന്റിനെ കുറിച്ചും ഇത്തരം വാർത്തകൾ പ്രചരിച്ചിരുന്നു. കോൺഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്നസെന്റ് പറഞ്ഞതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അദ്ദേഹവും ഈ വാർത്ത നിഷേധിച്ചിരുന്നു.

“ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം. എന്റെ പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല,” എന്നായിരുന്നു ഇന്നസെന്റ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു…

Posted by Innocent on Wednesday, 10 March 2021

2014 മേയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ഇന്നസെന്റ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പി.സി.ചാക്കോ ആയിരുന്നു എതിരാളി. എന്നാൽ 2019ൽ വീണ്ടും ജനവിധി തേടിയ ഇന്നസെന്റ് ബെന്നി ബെഹനാനോട് പരാജയപ്പെടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook