കൊച്ചി: മഹാരാജാസ് കോളേജിൽ കുത്തേറ്റു മരിച്ച എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ രണ്ടാം ചരമവാർഷികത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ചർച്ചയാകുന്നു. പോസ്റ്റിനു താഴെ നിരവധിപേർ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. അഭിമന്യുവിനെ ഇല്ലാതാക്കിയത് ‘ഇസ്ലാമിക’ തീവ്രവാദികളാണെന്ന മന്ത്രിയുടെ പരാമർശത്തിനെതിരെയാണ് പലരും കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
മന്ത്രിയുടെ ‘ഇസ്ലാമിക തീവ്രവാദികൾ’ എന്ന പരാമർശമാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. അതേസമയം, മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമർശത്തെ പിന്തുണച്ചും നിരവധി കമന്റുകളുണ്ട്. മന്ത്രിയുടെ പോസ്റ്റിനു താഴെ ഇതിനോടകം ഏഴായിരത്തോളം കമന്റുകൾ വന്നിട്ടുണ്ട്.
Read Also: കൊച്ചിയില്‍ അതീവ ജാഗ്രത: രോഗവ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമാകുമെന്ന് വി.എസ് സുനിൽ കുമാർ
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജ് ക്യാംപസിൽ വച്ചുണ്ടായ സംഘട്ടനത്തിൽ അഭിമന്യു (20) കുത്തേറ്റു മരിച്ചത്. രണ്ടാം വർഷ ഫിലോസഫി വിദ്യാർഥിയായിരുന്നു. ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുമായി പോസ്റ്റർ ഒട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ ചുവരെഴുതാനായി തയ്യാറാക്കി വച്ചിരുന്ന സ്ഥലത്ത് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ മുദ്രാവാക്യം എഴുതിയതാണ് തർക്കത്തിന് വഴിവച്ചത്. ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഇവർ നേരത്തെ നടത്തിയ ഗൂഢാലോചന പ്രകാരമാണ് ഇവിടേക്ക് സംഘടിച്ചെത്തിയതെന്നാണ് പൊലീസ് കേസ്.