കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളുന്ന ബിജെപി നേതാക്കളില്‍ മുന്‍പന്തിയിലുള്ള നേതാവാണ് കെ.സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റുകള്‍ കൊണ്ടും മറ്റ് പ്രസംഗങ്ങള്‍ കൊണ്ടും സുരേന്ദ്രന്‍ പലപ്പോഴും പിണറായിക്കെതിരെ രംഗത്തുവരാറുണ്ട്. ചാനല്‍ ചര്‍ച്ചകളിലും സുരേന്ദ്രന്‍ പിണറായിയെയും സിപിഎമ്മിനെയും ട്രോളാറുണ്ട്. ഇതാ ഇപ്പോള്‍ ശ്രേയ എഴുതിയ കത്ത് കാണിച്ച് മുഖ്യമന്ത്രി ട്രോളുകയാണ് സുരേന്ദ്രന്‍. ആരാണീ ശ്രേയ എന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയ പരതുകയാണ്.

Read Also: ‘ഉള്ളി സുര’ എന്ന വിളി ഇഷ്ടമല്ല: കെ.സുരേന്ദ്രൻ

‘ഞാന്‍ പറയുന്നത് ആരും കേള്‍ക്കാത്തതിനാല്‍ ക്ലാസ് ലീഡര്‍ സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചു’ എന്ന് എഴുതിയുള്ള ശ്രേയ എന്ന വിദ്യാര്‍ഥിനിയുടെ കത്താണ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രം പങ്കുവച്ചതിനു മുകളില്‍ ‘കണ്ടു പഠിക്കണം പിണറായി സഖാവേ…’എന്നൊരു തലക്കെട്ടും. നിമിഷ നേരം കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. പലരും പോസ്റ്റ് ഷെയര്‍ ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയന്‍ രാജിവയ്ക്കണം എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍, ഒരു തിരഞ്ഞെടുപ്പിലെങ്കിലും ജയിച്ച് എംഎല്‍എയാകൂ എന്നിട്ടാകും എംഎല്‍എയായി മുഖ്യമന്ത്രിയായ ഒരാളേ ട്രോളുന്നത് എന്ന മറുപടിയും സുരേന്ദ്രന് ലഭിക്കുന്നുണ്ട്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായിരുന്നു. ബിജെപിക്ക് ഏറ്റവും വിജയപ്രതീക്ഷയുള്ള മണ്ഡലമായി കണ്ടിരുന്ന പത്തനംതിട്ടയില്‍ സുരേന്ദ്രനെ പോലെ ശക്തനായ നേതാവിനെ നിര്‍ത്തിയിട്ടും വിജയിക്കാന്‍ സാധിക്കാത്തതില്‍ പാര്‍ട്ടി നേതൃത്വവും നിരാശരായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook