കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരനെതിരെ വ്യാപക പ്രതിഷേധം. സ്ത്രീ വിരുദ്ധതയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയാണ് കെ.സുധാകരനെ തിരിഞ്ഞു കൊത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സുധാകരനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഷോര്‍ട്ട് ഫിക്ഷന്‍ രൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന വീഡിയോയിലെ സ്ത്രീവരുദ്ധ പരാമര്‍ശങ്ങളാണ് വീഡിയോയെ ചര്‍ച്ചയാക്കുന്നത്. സുധാകരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’ എന്ന് തുടങ്ങുന്ന പ്രചാരണ വീഡിയോയാണ് വിമർശനങ്ങൾക്ക് കാരണം. കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പി.കെ.ശ്രീമതിയെയാണ് വീഡിയോയിൽ പരോക്ഷമായി പരാമർശിച്ചിരിക്കുന്നത്. സ്ത്രീകൾ മുൻനിരയിലേക്ക് വന്നിട്ട് കാര്യമില്ലെന്ന തരത്തിലാണ് പ്രചാരണ വീഡിയോ. ഒടുക്കും സുധാകരനെ കുറിച്ച് ‘ഓൻ ഒരു ആൺകുട്ടിയാണ്’ എന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
ഇന്ദിരാ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും ഇന്ന് രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ തർജമ ചെയ്ത ജ്യോതി വിജയകുമാറിനെയെല്ലാം ഉയർത്തികാണിച്ചാണ് സുധാകരന്റെ സ്ത്രീ വിരുദ്ധ വീഡിയോ പ്രചാരണത്തിന് സോഷ്യൽ മീഡിയ മറുപടി നൽകിയിരിക്കുന്നത്. സ്ത്രീകൾ എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം തെളിയിക്കുന്ന ഇക്കാലത്ത് ഇത്തരത്തിലൊരു ആഹ്വാനവുമായി സുധാകരൻ രംഗത്തെത്തിയിരിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ അടക്കം വിവാദമാകുകയാണ്. വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിലടക്കം അതിരൂക്ഷ വിമർശനമാണ് സുധാകരന് ലഭിച്ചുകൊണ്ടിരിക്കുന്നത്.