കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഒരാഴ്ച നീണ്ട ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. പരമപ്രധാനമായ കരാറുകള്‍ ഒപ്പിടുന്നത് മുതല്‍ രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളും ട്രൂഡോയും കുടുംബവും സന്ദര്‍ശിച്ചു. സബര്‍മതി ആശ്രമം സന്ദര്‍ശിക്കുകയും ബംഗഡ നൃത്തം ചെയ്യുകയും ചെയ്ത ട്രൂഡോയുടെ വീഡിയോ വൈറലായി മാറുകയും ചെയ്തു.
എന്നാല്‍ ഇതിനേക്കാളൊക്കെ ശ്രദ്ധേയമായത് ഇളയ മകനായ ഹാഡ്രിയന്റെ ചിത്രങ്ങളായിരുന്നു. ട്രൂഡോയുടെ ഇന്ത്യാ സന്ദര്‍ശനവും, ഇരു രാജ്യ നേതാക്കളും തമ്മിലുളള കൂടിക്കാഴ്ചയും ഏറെ നിര്‍ണായകവും പ്രധാനപ്പെട്ടതും ആണെങ്കിലും ഹാഡ്രിയന് ഇതൊന്നും അറിയേണ്ടിയിരുന്നില്ല.
മറ്റേതൊരു കുട്ടിയേയും പോലെ പോയിടത്തൊക്കെ അവന്‍ ആസ്വദിക്കുകയായിരുന്നു. അത് ഇനി രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് ആദരമര്‍പ്പിക്കുന്ന നിമിഷമായാലും ഹാഡ്രിയന്‍ ആഘോഷമാക്കി.
താജ്‌മഹൽ, സബർമതി ആശ്രമം, രാജ്ഘട്ട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തുമ്പോഴും കൊച്ചു ഹാഡ്രിയൻ അവന്റെ കൊച്ചുലോകത്തെ കളികളിൽ മുഴുകി പരിസരം മറന്ന കാഴ്ചയാണ് കണ്ടത്.
സബർമതി ആശ്രമത്തിൽ തലകുത്തനെ നിന്നും നൃത്തം ചെയ്തും, രാജ്ഘട്ടിലെ ഗാന്ധിസമാധിയിലെ പൂക്കൾ വാരിയെറിഞ്ഞും ഹാഡ്രിൻ കളിക്കുകയായിരുന്നു.
നേരത്തെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ എത്തിയപ്പോഴും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിൽ എത്തിയപ്പോഴും പ്രൊട്ടോക്കോൾ മറികടന്ന് അവരെ സ്വീകരിക്കാൻ നേരിട്ട് വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദി എന്നാൽ ജസ്റ്റിൻ ട്രൂഡോ എത്തിയപ്പോൾ സ്വീകരിക്കാനായി അയച്ചത് സംസ്ഥാനത്തെ കൃഷിവകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശിഖാവത്തിനെയാണ്.