കൊച്ചി: മറ്റു ജ്യോതിഷികളിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങളെ യുക്തിസഹമായി കാണുന്നയാളെന്നാണ് ഹരി പത്തനാപുരത്തെ കുറിച്ചുള്ള വിലയിരുത്തൽ. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്‌സുമുണ്ട് അദ്ദേഹത്തിന്. കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ കാമുകിയെ ജാതകദോഷം പറഞ്ഞ് ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന യുവാവിന് ഹരി പത്താനാപുരം നല്‍കിയ മറുപടി വന്‍ ഹിറ്റായിരുന്നു.

ഇപ്പോഴിതാ വീണ്ടും ജ്യോതിഷി ഹരി പത്താനാപും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇത്തവണ ശത്രു സംഹാരത്തെ കുറിച്ച് സംശയം ആരാഞ്ഞ സ്ത്രീയ്ക്ക് കൃത്യമായ മറുപടി നല്‍കിയാണ് ഹരി ശ്രദ്ധേയനായിരിക്കുന്നത്. സൂര്യ ടിവിയിലെ ശുഭാരംഭം ജ്യോതിഷ സംശയനിവാരണ പരിപാടിയിലാണ് സംഭവം.
തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു കൊണ്ടുള്ള ഒരു സ്ത്രീയുടെ കത്തില്‍ നിന്നുമാണ് വീഡിയോ ആരംഭിക്കുന്നത്. വിധവയായ സ്ത്രീ തന്റെ കത്തില്‍ പറയുന്നത്, താനും മകളും ഒരുമിച്ചാണ് താമസിക്കുന്നത്. ബി.കോമിന് പഠിക്കുന്ന മകള്‍ക്ക് വിവാഹാലോചനകള്‍ നടക്കാതെ വന്നതോടെയാണ് ജാതകം നോക്കിയത്. അപ്പോഴാണ് അറിയുന്നത് തങ്ങള്‍ക്കെതിരെ സഹോദര തുല്യനായ ആരോ ശത്രു സംഹാര ക്രിയകള്‍ ചെയ്യുന്നുണ്ടെന്നും ഭര്‍ത്താവിന്റെ മരണത്തിനടക്കം ഇതാണ് കാരണമെന്നും.

എന്നാൽ ഹിന്ദു മതത്തിലെന്ന ഒരു മതത്തിലും ശത്രു സംഹാരം എന്നൊന്നില്ലെന്നായിരുന്നു ഹരിയുടെ മറുപടി. താന്‍ കഴിഞ്ഞ കുറേ നാളുകളായി തന്റെ ജാതകമടക്കമുള്ള വിവരങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിടുകയും തനിക്കെതിരെ ശത്രുസംഹാര ക്രിയകള്‍ ചെയ്യുമെന്ന് വെല്ലു വിളി നടത്തിയിരിക്കുകയാണെന്നും ഹരി പറയുന്നു. എന്നാല്‍ ഇതു വരേയും തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറയുന്നു.

അടുത്തതായി അദ്ദേഹം പറയുന്ന ഉദാഹരണമാണ് കൂടുതല്‍ രസകരം. ശത്രു സംഹാരത്തിലൂടെ ആരെയെങ്കിലും നശിപ്പിക്കാന്‍ കഴിയുമെങ്കില്‍ മോദി സര്‍ക്കാരിന് രാജ്യത്തിന്റെ അതിര്‍ത്തിയിലെ പട്ടാളക്കാരെ മാറ്റി കുറേ മന്ത്രവാദികളെ വിന്യസിച്ചാൽ പോരെ എന്ന് ചോദിക്കുന്നു. എന്നിട്ട് അവരെ കൊണ്ട് പാകിസ്ഥാനെതിരേയും ചൈനക്കെതിരേയും ശത്രുസംഹാര ക്രിയ നടത്തിയാല്‍ പോരെ, വെറുതെ സമയവും കാശും കളയണോ എന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

രസകരമായ വീഡിയോ കാണാം:

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook