കശ്മീരിലെ ഡോഡ ജില്ലയിലെ ഹാജി സ്കൂളിലെ കുട്ടികളും അധ്യാപകരും ഒരു മാജിക് കണ്ടത് പോലെ അമ്പരന്ന് നില്‍ക്കുകയാണ്. സംഗതി മറ്റൊന്നുമല്ല, സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ ഉപന്യാസത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ലോക പ്രശസ്ത എഴുത്തുകാരിയായ ജെ.കെ.റൗളിങ്.

നീല വസ്ത്രം അണിഞ്ഞിരിക്കുന്ന പെണ്‍കുട്ടിയാണ് കുല്‍സൂം

കുല്‍സം ബാനു ഭഹത് എന്ന 12കാരിയാണ് ജെകെ റൗളിങ്ങിനെ കുറിച്ച് ക്ലാസില്‍ വച്ചൊരു കുറിപ്പ് എഴുതിയത്. അധ്യാപിക നല്‍കിയ വിഷയത്തില്‍ എല്ലാ കുട്ടികളോടും കുറിപ്പ് എഴുതാന്‍ ആവശ്യപ്പെട്ടപ്പോഴാണ് കുല്‍സം ഇപ്രകാരം എഴുതിയത്. ‘ജെ.കെ.റൗളിങ് എനിക്ക് പ്രചോദനമാകുന്നത് അവര്‍ നന്നായി എഴുതുന്നത് കൊണ്ട് മാത്രമല്ല, ഒരുപാട് കഷ്ടതകള്‍ ഉണ്ടായിട്ടും അവര്‍ ഒരിക്കലും പിന്മാറിയില്ല എന്നത് കൊണ്ട് കൂടിയാണ്. അളളാഹു ജെ.കെ.റൗളിങ്ങിനെ അനുഗ്രഹിക്കട്ടെ. അവര്‍ക്ക് ദൈവം ദീര്‍ഘായുസ് കൊടുക്കട്ടെ, എങ്കില്‍ വലുതായാല്‍ എനിക്കവരെ നേരിട്ട് കാണാന്‍ കഴിയും’, കുൽസം എഴുതി.

കുൽസമിന്റെ എഴുത്ത് അധ്യാപികയായ പ്രിയയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ശ്രദ്ധേയമായ ഈ ട്വീറ്റ് എഴുത്തുകാരിയുടെ ശ്രദ്ധയിലും പെടുത്തി. അപ്രതീക്ഷിതമായാണ് ജെകെ ഇതിന് മറുപടി നല്‍കിയത്. 12കാരിയുടെ മുഴുവന്‍ പേര് ചോദിച്ച റൗളിങ് അവള്‍ക്ക് ഒരു സമ്മാനം അയച്ച് കൊടുക്കാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചു. ഹാരി പോട്ടര്‍ എഴുത്തുകാരിയുടെ സമ്മാനം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും.

ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ.റൗളിങ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കൽപിക മാന്ത്രിക നോവൽ പരമ്പരയാണ്‌‌ ഹാരി പോട്ടർ. മാന്തിക വിദ്യാലയമായ ഹോഗ്വാർട്ട്സേ സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആൻഡ് വിസാഡെറിയിലെ വിദ്യാർത്ഥികളായ ഹാരി പോട്ടർ എന്ന കൗമാരമാന്ത്രികന്റേയും ഉറ്റ സുഹൃത്തുക്കളായ റോൺ വീസ്‌ലി, ഹെർമയോണി ഗ്രാഞ്ചെർ എന്നിവരുടേയും സാഹസികകഥകളാണ് ഈ പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നത്.

പതിനേഴ് വർഷം കൊണ്ടാണ് റൗളിങ് ഏഴ് ഹാരി പോട്ടർ പുസ്തകങ്ങൾ എഴുതിയത്. 2000ൽ ഹാരി പോട്ടറിന്റെ അമേരിക്കൻ പ്രസാധകരായ സ്കോളാസ്റ്റിക്സിന് നൽകിയ അഭിമുഖത്തിൽ, മാന്ത്രിക ലോകത്തിൽ ഹോഗ്‌വാർട്ട്‌സിനുശേഷം ഒരു സർവകലാശാല ഇല്ല എന്ന് ‍റൗളിങ് പറഞ്ഞു. ഏഴാം പുസ്തകം കഴിഞ്ഞും പരമ്പര തുടരുന്ന കാര്യത്തേക്കുറിച്ച് അവർ ഇങ്ങനെ പറഞ്ഞു “ഒരിക്കലും എഴുതില്ല എന്നു ഞാൻ പറയുന്നില്ല. എന്നാൽ എട്ടാം പുസ്തകം എഴുതാൻ ഇപ്പോൾ പദ്ധതിയില്ല.” എട്ടാമത് ഒരു പുസ്തകം എഴുതുകയാണെങ്കിൽ അതിലെ പ്രധാന കഥാപാത്രം ഹാരി ആയിരിക്കില്ല എന്നും അങ്ങനെയൊരു പുസ്തകം കുറഞ്ഞത് പത്ത് വർഷത്തിന്ശേഷമേ ഉണ്ടാകൂ എന്നും റൗളിങ് പിന്നീട് പറഞ്ഞു.

1995ൽ ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ പൂർത്തിയായി. റൗളിങ് പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി ഏജന്റുമാർക്കയച്ചു. റൗളിങ് ശ്രമിച്ച രണ്ടാമത്തെ ഏജന്റ് അവരെ പ്രതിനിധീകരിച്ച് പുസ്തകത്തിന്റെ കയ്യെഴുത്ത്‌ പ്രതി ബ്ലൂംസ്ബെറിക്ക് അയക്കാമെന്ന് സമ്മതിച്ചു. എട്ട് പ്രസാധകർ ഫിലോസഫേഴ്സ് സ്റ്റോൺ നിരസിച്ചശേഷം ബ്ലൂംസ്ബേറി മുൻകൂർ പ്രതിഫലമായി £2,500 നൽകിക്കൊണ്ട് പുസ്തകം പ്രസിദ്ധീകരണം ഏറ്റെടുത്തു.

ഹാരി പോട്ടർ പുസ്തകങ്ങൾ എഴുതാൻ തുടങ്ങിയപ്പോൾ അത് ഏത് പ്രായക്കാരെ ഉദ്ദേശിച്ചാണ് എന്നൊന്നും റൗളിങ് ചിന്തിച്ചിരുന്നില്ല. എങ്കിലും പ്രസാധകർ ഒമ്പത് മുതൽ പതിനൊന്നു വയസുവരെയുള്ള കുട്ടികളെയാണ് കേന്ദ്രീകരിച്ചത്. ജൊവാനി റൗളിങ് എന്ന സ്ത്രീ നാമം കണ്ടാൽ ആൺകുട്ടികൾ പുസ്തകത്തിൽ താത്പര്യം കാണിക്കില്ല എന്ന് ഭയന്ന പ്രസാധകർ അവരോട് ഒരു പുതിയ തൂലികാനാമം സ്വീകരിക്കുവാൻ ആവശ്യപ്പെട്ടു. തന്റെ മുത്തശ്ശിയുടെ പേരും തന്റെ പേരിനോട് കൂട്ടിച്ചേർത്ത് ജെ.കെ.റൗളിങ് (ജൊവാനി കാതലീൻ റൗളിങ്) എന്ന തൂലികാനാമം സ്വീകരിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ