ഈ ഓണത്തിന് മലയാളികൾ കൊണ്ടാടിയ പാട്ടാണ് മോഹൻലാൽ-ലാൽ ജോസ് കൂട്ടുകെട്ടിൽ ഇറങ്ങിയ ജിമിക്കി കമ്മൽ എന്ന ഗാനം. എന്നാൽ ഇപ്പോൾ സിനിമയിലെ പാട്ടിനേക്കാൾ ഹിറ്റായിരിക്കുകയാണ് കാക്കനാട്ടെ ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടി അണിയിച്ചൊരുക്കിയ ‘ജിമിക്കി കമ്മൽ’ ക്യാംപസ് വേർഷൻ. ഈ വീഡിയോയിൽ നൃത്തത്തിന് നേതൃത്വം നൽകുന്ന ഷെറിൽ കടവിൽ അനേകം ആരാധകരെയാണ് നേടിയെടുത്തത്. സോഷ്യൽമീഡിയയിലേയും കാംപസിലേയും താരമായ ഷെറിലിന് കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും നിറയെ ആരാധകരായിക്കഴിഞ്ഞു. ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ അധ്യാപികയാണ് ഷെറിൽ ജി കടവൻ.

സോഷ്യൽ മീഡിയയിലെ താരമായതോടെ ഷെറിൽ കടവനെ കുറിച്ച് നിരവധി വാർത്തകളും വന്നു തുടങ്ങി. ഇതിൽ ഏറ്റവും ശ്രദ്ധേയമായ വാർത്തയായിരുന്നു ഇളയദളപതി വിജയുടെ നായികയാവുന്നതായി ഷെറിൽ വരുന്നു എന്നത്. സംവിധായകൻ കെ.എസ്.രവികുമാറായിരുന്നു ഈ സിനിമ സംവിധാനം ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ,​ വലിയ തോതിൽ പ്രചരിക്കുന്ന ഈ വാർത്തക്കു പിന്നിലെ സത്യമെന്താണ്? ഷെറിൽ തന്നെ ഐഇ മലയാളത്തോട് വെളിപ്പെടുത്തുന്നു.

‘ജിമിക്കി കമ്മൽ ഗാനത്തിന്റെ വീഡിയോ ഹിറ്റായ ശേഷം നിരവധി പേരാണ് ഓഫീസിലേക്ക് വിളിക്കുന്നത്. ഇത്തരത്തിൽ കെ.എസ്.രവികുമാറിന്റെ ഓഫീസിൽ നിന്നെന്ന് പറഞ്ഞ് സ്‌കൂളിലേക്ക് വിളി വന്നു. അപ്പോൾ ക്ളാസിലായിരുന്നതിനാൽ ഞാൻ സംസാരിച്ചില്ല. ബ്രാൻഡ് ഡെവലപ്മെന്റ് മാനേജർ മിഥുൻ മംഗലിയാണ് സംസാരിച്ചത്. രവികുമാർ സാറിന്റെ അടുത്ത സിനിമയിൽ ഷെറിലിനെ അഭിനയിപ്പിക്കാനാണെന്ന് പറഞ്ഞു. ഫോണിൽ വിളിച്ചവരോട് ഇ മെയിൽ വഴി ഔദ്യോഗികമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. പിന്നീട് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. വിജയ് യുടെ നായികാ വേഷമാണെന്നൊന്നും വിളിച്ചവർ പറഞ്ഞിരുന്നില്ല’ ഷെറിൽ വിശദീകരിക്കുന്നു.

അഭിനയിക്കാനൊന്നും ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും ഷെറിൽ ഐഇ മലയാളത്തോട് പറയുന്നു. അധ്യാപനമാണ് തന്റെ ജോലിയെന്നും അത് ഭംഗിയായി നിർവഹിക്കുന്നതിലാണ് ഇപ്പോൾ തന്റെ ശ്രദ്ധയെന്നും ഷെറിൽ വ്യക്തമാക്കി.

Also Read: ‘വെറും പഠിപ്പിസ്റ്റുകളല്ലെന്ന് തെളിയിക്കാൻ കളിച്ചതാ, ഇത്ര വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല’; വൈറലായ ‘ക്യാംപസ് ജിമിക്കി കമ്മലി’ന് പിന്നിലെ കഥ

ഓണാഘോഷത്തിന് അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ‘ജിമിക്കി കമ്മൽ’ നൃത്തത്തിലേക്ക് നയിച്ചതെന്ന് ഷെറിലും കൂട്ടുകാരും നേരത്തെ ഐഇ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇവരുടെ ഡാൻസ് തമിഴ്നാട്ടിലും വൻ ഹിറ്റായി. ഒന്നരക്കോടിയിലേറെപ്പേർ ഷെറിലും കൂട്ടുകാരും അവതരിപ്പിച്ച നൃത്തം ഇതിനോടകം തന്നെ യൂട്യൂബിൽ കണ്ടു കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ