ലാല്‍ ജോസ്-മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന പാട്ടാണ് ഇത്തവണത്തെ ഓണാഘോഷങ്ങളിലെ പ്രാധാന ആകർഷണം. പ്രത്യേകിച്ച് ഓണാഘോഷങ്ങൾ ആവേശമാകുന്ന ക്യാംപസുകളിൽ. പരന്പരാഗത മലയാളി വേഷങ്ങൾ ധരിച്ച് ‘ജിമിക്കി കമ്മൽ’ പാട്ടിനൊപ്പം നൃത്തം ചെയ്യാത്ത ഒരു കാംപസ് ഓണാഘോഷവും ഇത്തവണ ഉണ്ടായിട്ടുണ്ടാകില്ല. അത്രത്തോളം ഓളമാണ് ഈ കാമ്പസ് പാട്ട് സൃഷ്ടിച്ചിരിക്കുന്നത്.

‘ജിമിക്കി കമ്മലി’ന്റെ സോഷ്യൽ മീഡിയയിലൂടെ വൈറലായ പല വേർഷനുളിൽ ഏറ്റവുമാധികം ശ്രദ്ധിക്കപ്പെട്ടത് കാക്കനാട്ടെ ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ(ഐ.എസ്.സി) വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നൊരുക്കിയ മനോഹരമായ വീഡിയോയാണ്.

യൂട്യൂബിൽ അപ്ലോഡ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ പതിനഞ്ച് ലക്ഷത്തിലധികമാളുകളാണ് ഇവരുടെ നൃത്തം ആസ്വദിച്ചത്. രസകരമായ വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ചവർ വൈറലായ ‘ജിമിക്കി കമ്മലി’ന്റെ വിശേഷങ്ങൾ ഐഇ മലയാളത്തിനോട് പങ്ക് വെക്കുന്നു:

‘സംഭവം ഇത്രയും ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ലാ’

‘അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ നല്ല ബന്ധമുണ്ടാക്കുക എന്ന ഉദ്ധേശത്തോടെ ഒരു പരിപാടിയാണ് ഞങ്ങൾ ചിന്തിച്ചത്. അത് പക്ഷേ ഇത്രയും വിജയമാകുമെന്നോ വൈറലാകുമെന്നോ പ്രതീക്ഷിച്ചില്ല’ വീഡിയോയിൽ ഡാൻസിന് നേതൃത്വം നൽകിയവരിൽ ഒരാളായ ഷെറിൽ കടവൻ പറയുന്നു. ഇന്ത്യൻ സകൂൾ ഓഫ് കൊമേഴ്സിലെ അദ്ധ്യാപികയാണ് ഷെറിൽ.

Dance

‘ഓണത്തിന് വിദ്യാർത്ഥികൾക്കൊക്കെ ഞങ്ങളോടൊപ്പം ആഘോഷിക്കാവുന്ന ഒരു നല്ല പ്രോഗ്രാം ചെയ്യണം എന്ന് പറഞ്ഞപ്പോൾ മാനേജ്മെന്റ് പൂർണ പിന്തുണ നൽകി. വ്യത്യസ്തമായി എന്ത് ചെയ്യാമെന്ന് ആലോചിച്ചപ്പോഴാണ് ബ്രാൻഡ് ഡെവലപ്മെന്റ് മാനേജർ മിഥുൻ മംഗലി ഇത്തരമൊരു ആശയം പറഞ്ഞത്.’ ഷെറിൽ പറയുന്നു.

‘പ്രാക്ടീസ് വെറും രണ്ട് മണിക്കൂർ മാത്രം!’

‘സാധാരണ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രാക്ടീസിനൊന്നും സമയം ലഭിക്കില്ല. ക്ലാസ് കഴിഞ്ഞാൽ എല്ലാവരും കൃത്യം അഞ്ച് മണിക്ക് കൊളേജ് ബസിൽ പോകും. അത് കൊണ്ട് തന്നെ ഓണം പ്രോഗ്രാം നടന്ന അന്നു രാവിലെ രണ്ട് മണിക്കൂർ മാത്രമാണ് പ്രാക്ടീസിന് സമയം ലഭിച്ചത്. ബിഎ, എംബിഎ വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റു ഫാക്കൽറ്റികളുമടക്കം നാൽപതോളം പേരാണ് പങ്കെടുത്തത്. വെറും രണ്ട് മണിക്കൂറേ പ്രാക്ടീസ് ചെയ്തുള്ളൂ എന്ന് പറഞ്ഞപ്പോൾ പിന്നീട് അഭിനന്ദിക്കാൻ വിളിച്ചവർക്കൊക്കെ അത്ഭുതമായിരുന്നു’ മുന്നൊരുക്കങ്ങളെ കുറിച്ച് ഷെറിൻ വ്യക്തമാക്കുന്നു.

‘ബുജികളും പഠിപ്പിസ്റ്റുകളുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ’

മിഥുൻ മംഗലിയാണ് ഈ വൈറൽ നൃത്തത്തിന്റെ സൂത്രധാരൻ എന്ന് പറയാം. ബിസിനസ്, കൊമേഴ്സ് സ്കൂളിലെ വിദ്യാർത്ഥികളെന്നാൽ ബുജികളും പഠിപ്പിസ്റ്റുകളുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരുമിച്ച് ഒരു പ്രോഗ്രാം എന്ന് പറഞ്ഞപ്പോൾ മനസിൽ ആദ്യം തോന്നിയത് ഈ വിലയിരുത്തൽ തിരുത്തുന്ന ഒന്നാകണം എന്നായിരുന്നു. പഠനേതര മേഖലകളിലും ഞങ്ങളുടെ വിദ്യാർത്ഥികൾ മിടുക്കരാണെന്ന് തെളിയിക്കുന്നതായിരുന്നു ആ പരിപാടി’ മിഥുൻ പറയുന്നു.

‘ഇൻഫോ പാർക്കിൽ കിൻഫ്രയിലാണ് ഞങ്ങളുടെ ക്യാംപസ്. ഇൻഫോ പാർക്കിലെ മറ്റു സ്ഥാപനങ്ങളിലുള്ളവരേയും ഉൾപ്പെടുത്തി പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം ചിന്തിച്ചത്. പിന്നീട് പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം അത് ഉപേക്ഷിച്ചു. ഇനി ഇൻഫോ പാർകക്കിലെ മറ്റ് സ്ഥാപനങളിലുള്ളവരെ കൂടി ഉൾപ്പെടുത്തി ഒരു നൃത്ത സംരംഭവായി ഇതിനെ വികസിപ്പിക്കുന്നതിനെ കുറിച്ചാണ് ഞങ്ങൾ ആലോചിക്കുന്നത്. അത് വഴി വരുമാനം എന്തെങ്കിലും ലഭിക്കുകയാണെങ്കിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കാനുമാണ് പദ്ധതി’ മിഥുൻ പ്രതീക്ഷകൾ പങ്ക് വെക്കുന്നു.

‘ആശംസാ പ്രവാഹമാണിപ്പോൾ, വളരെ സന്തോഷം’

അന്ന ജോര്‍ജ്ജും ഷെറില്‍ കടവനും

വീഡിയോ വൈറലായതോടെ ആശംസാ പ്രവാഹമാണെന്നാണ് ഡാൻസിന് നേതൃത്വം നൽകിയ മറ്റൊരാളായ അന്നാ ജോർജജ് പറയുന്നു. ‘നിരവധി ആളുകൾ വിളിക്കുന്നു. അപ്രതീക്ഷിതമാണ് എല്ലാം. വളരെ സന്തോഷം’ അന്ന പറയുന്നു.

‘കുട്ടികളും ഹാപ്പി’

വിദ്യാർത്ഥികളും അവരുടെ ഓണാഘോഷം ഹിറ്റായതിന്റെ സന്തോഷത്തിലാണ്. തുടർന്നും ഇത്തരം പ്രോഗ്രാമുകളിൽ സജീവമായി പങ്കെടുക്കാനാണ് ഇവരുടെ തീരുമാനം.

ഞങ്ങൾക്ക് തരാവുന്നതിൽ ഏറ്റവും നല്ല ഓണസമ്മാനമാണ് ഈ ആഘോഷങ്ങളിലൂടെ അദ്ധ്യാപകരും സ്കൂൾ മനേജ്മെന്റും നൽകിയതെന്നാണ് ആര്യാ പുരുഷോത്തമൻ പറയുന്നു. വൈറലായാലും ഇല്ലെങ്കിലും ഇനിയും ഇത്തരം പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുമെന്നാണ് ഷഫിസീസ ബൈജുവും മരിയ കരീന പോളുമെല്ലാം പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ