പളളിയിലെത്തുന്ന പെൺകുട്ടികളുടെ വസ്ത്രധാരണത്തെ രൂക്ഷമായി വിമർശിച്ച് വൈദികൻ. സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വിഡിയോയിലാണ് വൈദികന്റെ സ്ത്രീ വിരുദ്ധമായ പരാമർശങ്ങൾ. ടീഷർട്ടും ജീൻസും ധരിച്ചെത്തുന്ന പെൺകുട്ടികളെ കല്ല് കെട്ടി കടലിൽ താഴ്‌ത്തണമെന്ന് വൈദികൻ വിഡിയോയിൽ പറയുന്നു.

ശാലോം ടിവിയിൽ പ്രക്ഷേപണം ചെയ്‌തതാണ് ഈ പ്രസംഗം. ബംഗളൂരുവിലെ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഫാദർ ഷാർലോ എഴാനിക്കാട്ടിന്റെ മാസങ്ങൾക്ക് മുൻപേ യൂടൂബിൽ വന്ന വിഡിയോ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

കയ്യിൽ ഫോണും ജീൻസും ഷർട്ടും ധരിച്ചെത്തുന്ന ചില പെൺകുട്ടികൾക്ക് കുർബാന കൊടുക്കാൻ തോന്നാറില്ലെന്ന് വൈദികൻ പറയുന്നു. ആൺകുട്ടികളുടെ വസ്ത്രം ധരിക്കാൻ കത്തോലിക്ക സഭ അനുവാദം നൽകിയിട്ടുണ്ടോ,  പരിശുദ്ധ ബൈബിൾ അനുവാദം നൽകിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കുന്ന വൈദികൻ ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നവർ ദൈവത്തിന് നിന്ദ്യരാണെന്നും പറയുന്നുണ്ട്.

ദുഷ്പ്രേരണ ഉണ്ടാക്കുന്നവരെ തിരിക്കല്ല് കെട്ടി കടലിന്റെ ആഴത്തിൽ താഴ്‌ത്തണമെന്ന് വചനം പറയുന്നതായും വൈദികൻ പറയുന്നു. ചുരിദാറിടുന്പോൾ ദുപ്പട്ടയിടാത്തത്, ലെഗിങ്സ് തുടങ്ങിയ വസ്ത്രധാരണ രീതികളെയും വൈദികൻ വിമർശിക്കുന്നു.

പ്രസംഗത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നത് സ്ത്രീ വിരുദ്ധതയാണ്. കൊച്ചു കുട്ടി മുതൽ പെൺകുട്ടികളുടെ വരെ വസ്ത്രധാരണത്തെ വൈദികൻ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

ധ്യാനവും മറ്റും കഴിഞ്ഞ് മാനസാന്തരപ്പെട്ട് പുറത്തിറങ്ങുന്ന ആൺകുട്ടികൾ പെൺകുട്ടികളുടെ അർധ നഗ്നത കണ്ട് തങ്ങൾ പ്രലോഭനത്തിന് അടിമപ്പെടുന്നതായി തന്നോട് പറഞ്ഞിട്ടുളളതായി വൈദികൻ പ്രസംഗത്തിൽ പറയുന്നു.

ഒരിക്കൽ മാമോദീസ നടത്താൻ ചെന്നപ്പോഴുണ്ടായ അനുഭവവും വൈദികൻ പറയുന്നുണ്ട്. ആദ്യ കുർബാനയ്‌ക്ക് അമ്മ ആ കുട്ടിയ്ക്ക് വാങ്ങി കൊടുത്തിരിക്കുന്നത് അർധ നഗ്നത നിറഞ്ഞ വസ്ത്രമാണെന്നും ഇതിലൂടെയുളള അമ്മയുടെ ഉദ്ദേശശുദ്ധിയെയും വൈദികൻ രൂക്ഷമായി വിമർശിക്കുന്നു. എന്നാൽ ഒരിടത്തും വൈദികൻ ആ കുട്ടിയുടെ അച്ഛനെയോ മറ്റു  പുരുഷന്മാരെയോ വിമർശിക്കുന്നില്ല.

സഹോദരനാൽ സഹോദരി ഗർഭം ധരിച്ച ഒരു സംഭവം പറഞ്ഞ് കൊണ്ട് ആണിന്റെ പക്ഷം പിടിച്ച് കൊണ്ട് സ്ത്രീയുടെ വസ്ത്രത്തെ അതിരൂക്ഷമായി കുറ്റപ്പെടുത്തുകയും സ്ത്രീ സമൂഹത്തെ വിമർശിക്കുകയുമാണ് വൈദികൻ.

വൈദികൻ ഈ പരാമർശങ്ങൾ നടത്തുമ്പോൾ അത് കേട്ടിരിക്കുന്നതായി വിഡിയോയിൽ കാണുന്നത്   ഒരു കൂട്ടം കന്യാസ്‌ത്രീകളാണെന്നതും ശ്രദ്ധേയമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook