കൊച്ചി: അന്തരിച്ച നടന്‍ ജയന്റെ സഹോദരന്റെ മകളാണെന്ന യുവ നടിയുടെ അവകാശവാദം തള്ളിക്കളഞ്ഞ് ജയന്റെ കുടുംബം. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ അതിഥിയായെത്തിയ സീരിയൽ നടി ഉമാ നായര്‍ ആണ് താന്‍ ജയന്റെ അനുജന്റെ മകളാണെന്ന് അവകാശപ്പെട്ടത്. എന്നാല്‍ ഇത് തെറ്റാണെന്നും ആര്‍ക്കും ഇവരെ അറിയില്ലെന്നും പറഞ്ഞ് ജയന്റെ അനുജന്‍ സോമന്‍ നായരുടെ മകള്‍ രംഗത്തെത്തി.

ഉമ നായർ ജയന്റെ അനുജന്റെ മകളാണെന്നായിരുന്നു അവതാരക റിമി ടോമി പ്രേക്ഷരെ പരിചയപ്പെടുത്തിയത്. ജയൻ മരണപ്പെട്ടത് 1981ൽ എന്നായിരുന്നു പരിപാടിയിൽ ഉമ നായർ പറഞ്ഞത്. ജയൻ മരണപ്പെട്ടത് 1980 നവംമ്പർ 16നാണ്. കൃത്യമായ വിവരം പോലും അറിയാതെ ചാനൽ പരിപാടികളിൽ വന്നിരുന്ന് എന്തെങ്കിലും വിളിച്ചു പറയുന്നതിനെതിരെയാണ് സോമൻ നായരുടെ മകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജയന്റെ അച്ഛന്റെ അമ്മയും ഉമ നായരുടെ അച്ഛന്റെ അമ്മയും അനുജത്തിയും ജ്യേഷ്ഠത്തിയുമാണെന്നാണ് നടി ചാനലിൽ പറഞ്ഞത്. എന്നാൽ അങ്ങിനൊരു ബന്ധുക്കളെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് സോമൻ നായരുടെ മകൾ വ്യക്തമാക്കി. ജയന്റെ വേറൊരു അനുജന്റെ മകനും സിനിമ മേഖലയിലുണ്ടെന്ന് ഉമ നായർ പറയുന്നുണ്ട്.

ഒന്നര വർഷമായി ന്യൂസിലൻഡിലാണ് സോമൻ നായരുടെ മകൾ. എന്നാൽ അച്ഛന്റെ ബന്ധുക്കൾ എന്ന് പറഞ്ഞ് വീട്ടിൽ വന്നത് ചുരുക്കം ചിലർ മാത്രമാണ്. ആ കൂട്ടത്തിലൊന്നും ഇങ്ങനൊരാളെ കണ്ടിട്ടില്ലെന്നാണ് ജയന്റെ സഹോദരന്റെ മകൾ പറയുന്നത്. പെട്ടെന്ന് ഒരു വ്യക്തി വന്ന് ജയന്റെ അനുജന്റെ മകളാണെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും ഫെയ്സ്ബുക്ക് വിഡിയോയിൽ പറയുന്നു.

പലപ്പോഴും വല്യച്ഛന്റെ (ജയൻ) പേര് പറഞ്ഞ് പലരും പെട്ടെന്ന് പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനിടയിൽ ഭാര്യയും മകനുമുണ്ടെന്ന വാദവുമായി ഒരാൾ വന്നിരുന്നു. പിന്നീട് അത് കോടതി വരെ കയറിയെന്ന് സോമൻ നായരുടെ മകൾ ഓർമിക്കുന്നു. ജയനെയും ജയന്റെ കുടുംബത്തെയും അറിയുന്നവർ സത്യവസ്ഥ അറിയാമെന്നും ജയന്റെ മരുമകൾ വിഡിയോയിലുടെ പറയുന്നു. എല്ലാ നവംബർ 16നും വല്യച്ഛനെ ഇഷ്ടപ്പെടുന്നവർ വീട്ടിൽ വരാറുണ്ട്. അപ്പോഴൊന്നും ഇങ്ങനെയൊരു വ്യക്തിയെ കണ്ടിട്ടില്ലെന്ന് വിഡിയോയിൽ പറയുന്നു.

ഇതോടെ ലക്ഷ്മിയുടെ ഈ ആരോപണങ്ങൾ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് ലൈവിലൂടെ സീരിയല്‍ താരം ഉമ നായര്‍ രംഗത്ത് വന്നു. തന്നെയും ആ ചാനലിനെയും അവതാരകയെയും അപമാനിക്കുന്ന വിഷയമായതിനാലാണ് താനൊരു മറുപടിയുമായി രംഗത്ത് വന്നതെന്ന് ഉമ പറഞ്ഞു.

ലക്ഷ്മി എന്ന് പറയുന്ന പെണ്‍കുട്ടി കുടുംബത്തിന്റെ വേരുകളെക്കുറിച്ചൊന്നും അന്വേഷിക്കാതെയാണ് ഇത്തരം ആരോപണങ്ങളുമായി വന്നതെന്നും 27 വര്‍ഷമായി താന്‍ സീരിയല്‍ രംഗത്ത് വന്നിട്ട് ഇതുവരെ ജയന്‍ എന്ന നടന്റെ ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ലെന്നും ഉമ പറഞ്ഞു.

ജയന് ഒരു സഹോദരന്‍ മാത്രമേ ഉള്ളൂ. അദ്ദേഹത്തിന് ഒരേ ഒരു മകളും അത് ലക്ഷ്മിയാണ്. ഒരുപക്ഷെ ആ സ്ഥാനം നഷ്ടമാകുമോ എന്ന ഭയം മൂലമാകാം ലക്ഷ്മി ഇത്തരം പ്രതികരണം നടത്തിയത്. എന്നാല്‍ തനിക്ക് അങ്ങനെ ഒരു സ്ഥാനം ആവശ്യമില്ലെന്നും താൻ മാനഷ്ടക്കേസിന് പോയാൽ കോടതിയിൽ ലക്ഷ്മി ഉത്തരം പറയേണ്ടി വരുമെന്നും ഉമ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook