നീണ്ട രണ്ടു പതിറ്റാണ്ടിനു ശേഷം ജാവ ബൈക്കുകള്‍ വീണ്ടും വിപണിയിലെത്തിയതിന്റെ സന്തോഷം പ്രകടിപ്പിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ‘കൊള്ളാം, ഇതിലാണ് ഞാന്‍ വളര്‍ന്നത്,’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ജാവ ഇന്ത്യയില്‍ അവതരിപ്പിച്ചെന്ന വാര്‍ത്തയ്ക്ക് ഒപ്പമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളോട് എന്നും പ്രിയമുളളയാളാണ് ഷാരൂഖ്.

മുംബൈയില്‍ നടന്ന ചടങ്ങിലാണ് ജാവയുടെ പുതിയ ബൈക്കുകള്‍ ലോഞ്ച് ചെയ്തത്. ജാവ, ജാവ 42, പെറാക്ക് – രണ്ടാംവരവ് രാജകീയമായി ആഘോഷിക്കുകയാണ് ജാവ. മഹീന്ദ്രയാണ് ജാവ ബൈക്കുകളുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിക്കുന്നത്. ഒരിക്കല്‍ മണ്‍മറഞ്ഞ ജാവ യുഗത്തിന്റെ പുനഃരാവിഷ്‌ക്കാരം. ക്ലാസിക് റെട്രോ ശൈലിയാണ് ജാവ, ജാവ 42 ബൈക്കുകള്‍ക്ക്. രണ്ടു മോഡലുകളില്‍ കമ്പനി അവതരിപ്പിക്കുന്ന 293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍, 27 bhp കരുത്തും 28 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക.

293 സിസി ഒറ്റ സിലിണ്ടര്‍ കരുത്തില്‍ ജാവ, ജാവ 42 ബൈക്കുകള്‍ അണിനിരക്കുമ്പോള്‍, പെറാക്കില്‍ കുറച്ചുകൂടി വലിയ 334 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തുടിക്കും.ബ്ലാക്, മറൂണ്‍, ഗ്രെയ് എന്നിങ്ങനെ മൂന്നു നിറങ്ങളാണ് ജാവയില്‍. എന്നാല്‍ ജാവ 42 -യില്‍ ആറു നിറങ്ങളുണ്ട്. ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് നിറങ്ങള്‍ ജാവ 42 -ല്‍ തിരഞ്ഞെടുക്കാം.

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ബൈക്കുകളുടെ ഒരുക്കം. 1.55 ലക്ഷം രൂപയ്ക്ക് പ്രാരംഭ ജാവ 42 മോഡല്‍ (വെള്ള നിറത്തിലുള്ളത്) ഷോറൂമുകളില്‍ വരും. 1.65 ലക്ഷം രൂപയാണ് ഇടത്തരം ജാവ മോഡലിന്റെ (ചുവപ്പു നിറത്തിലുള്ളത്) വില. അതേസമയം ജാവ പെറാക്ക് പിന്നീടാണ് കമ്പനി അവതരിപ്പിക്കുക. 2019ഓടെയാകും പെറാക്ക് ഇന്ത്യയിലെത്തുക. ഇതിന് 1.89. ലക്ഷം രൂപയാണ് വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook