വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോകള്‍ എപ്പോഴും ഇന്റര്‍നെറ്റില്‍ വൈറലാണ്. അക്കൂട്ടത്തിലേക്ക് ഒരു മാനിന്റെ കുതിച്ചുചാട്ടവും സ്ഥാനം പിടിച്ചിരിക്കുകയാണ്. തിരക്കേറിയ റോഡിനു കുറുകെ വാഹനങ്ങള്‍ക്കും ആളുകള്‍ക്കും മുകളിലൂടെയാണു മാന്‍ കുതിച്ചുചാടുന്നത്.
കൗതുകകരമായ വന്യജീവി ദൃശ്യങ്ങള്‍ പലപ്പോഴും പങ്കിടുന്ന ഐ എഫ് എസ് ഉദ്യോഗസ്ഥന് സുശാന്ത നന്ദയാണ് ഈ ക്ലിപ്പ് നെറ്റിസണ്‍സിനു മുന്നിലെത്തിച്ചിരിക്കുന്നത്. ‘ഓ ഡിയര്‍ ഡീര്‍ ജമ്പ് ഓഫ് ദി ലൈഫ്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ക്ലിപ്പ് പങ്കുവച്ചത്.
പച്ചപ്പ് നിറഞ്ഞ വയലിലൂടെ മിന്നല്‍ വേഗത്തില്‍ കുതിക്കുന്ന മാനിനെയാണു ക്ലിപ്പിന്റെ തുടക്കത്തില്‍ കാണുന്നത്. തുടര്‍ന്നു തിരക്കേറിയ റോഡിലേക്കെത്തുമ്പോള്‍ മാന്‍ ഒരു ഗംഭീര കുതിച്ചുചാട്ടം നടത്തുന്നു. സൈക്കിളിനും ബൈക്കിനും മുകളിലൂടെ ഉയര്‍ന്ന് റോഡില്‍ ലാന്‍ഡ് ചെയ്യുന്ന മാന്‍ അതിവേഗത്തില്‍ എതിര്‍വശത്തെ വയലിലേക്കു രക്ഷപ്പെടുകയാണ്. റോഡിലുണ്ടായിരുന്ന യാത്രക്കാര്‍ അമ്പരപ്പോടെ മാനിനെ നോക്കുന്നതു വീഡിയോയില്‍ കാണാം. ഒരു വാഹനത്തിലും ഇടിക്കാതെയാണു മാന്‍ മറുഭാഗത്തെത്തിയത്.
ഛത്തീസ്ഗഢില്‍നിന്നാണ് വീഡിയോ പകര്‍ത്തിയതെന്നാണു വീഡിയോയില്‍ കാണുന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് നല്കുന്ന സൂചന. ചൊവ്വാഴ്ച പങ്കിട്ട ക്ലിപ്പ് ട്വിറ്ററില്‍ 36,800-ലധികം വ്യൂസ് നേടിക്കഴിഞ്ഞു.
നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ മാനിന്റെ ലോങ് ജമ്പ് കണ്ട് അമ്പരന്നു. ആളുകളുടെ സാന്നിധ്യം കണ്ട് ഭയന്നോ മാനിന്റെ ഈ കുതിപ്പെന്നാണു പലരും ചോദിച്ചത്. ”അത്ഭുതകരം. അവിശ്വസനീയമായ ജമ്പ്,” ഒരു ഉപയോക്താവ് കുറിച്ചു. ”പാവം അത്രമാത്രം ഭയന്നിരിക്കണം,” മറ്റെരാള് എഴുതി. ”ഇത് ഒളിമ്പിക്സില്‍ ആയിരിക്കണം,” എന്നായിരുന്നു വേറൊരാളുടെ കമന്റ്.
ജനുവരിയില്‍, സമാനമായ ഒരു വീഡിയോ വൈറലായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ മാന്‍ വായുവില്‍ സഞ്ചരിക്കുന്നതായി തോന്നുന്ന വീഡിയോ ആയിരുന്നു അത്. ‘പറക്കുന്ന മാന്‍’ എന്നു വിശേഷിപ്പിച്ച നെറ്റിസണ്‍സ് അത് സ്വര്‍ണ മെഡലിന് അര്‍ഹമാണെന്നു കുറിച്ചിരുന്നു.