scorecardresearch

Latest News

ചടുലത കൊണ്ട് വിസ്മയിപ്പിച്ച ആ മാമനും മോളും ഇവിടെയുണ്ട്

ചടുലമായ വേഗവും അപാരമായ എനർജിയും കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന അരുണിന്റെയും ജസ്നിയയുടെയും ഡാൻസ് വിശേഷങ്ങൾ

jasnya dance, viral dance video

“വേൽമുരുകാ… ഹരോ, ഹരാ…” നരനിലെ ഫാസ്റ്റ് നമ്പറിനൊപ്പം ചടുലമായ വേഗത്തിൽ അപാരമായ എനർജിയോടെ ഡാൻസു ചെയ്യുന്ന ഒരു അമ്മാവനും അനന്തിരവളുമാണ് കുറച്ചു ദിവസമായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഗുരുവായൂർ സ്വദേശിയായ അരുൺ ആനയേടത്ത് അശോകനും ജസ്നിയയുമാണ് ചുരുങ്ങിയ സമയം കൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ താരങ്ങളായിരിക്കുന്നത്. അരുണിന്റെ സഹോദരി അമ്പിളിയുടെ മകളാണ് ജസ്നിയ കെ ജയദീശ്.

ഏറെകാലം ദുബായിലായിരുന്നു അരുണും സഹോദരിയും കുടുംബവുമെല്ലാം. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസർ ജൂനിയർ സീസൺ ഏഴിലെ ടൈറ്റിൽ ജേതാവായിരുന്നു ജസ്നിയ. നൃത്തത്തോടുള്ള ജസ്നിയയുടെ താൽപ്പര്യം കണക്കിലെടുത്ത് ജസ്നിയയും അമ്മയുമാണ് ആദ്യം നാട്ടിലേക്ക് താമസം മാറിയത്. പ്രവാസം അവസാനിപ്പിച്ച്, ഇപ്പോൾ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ കോവിഡ് കൺട്രോൾ റൂമിൽ ജോലി ചെയ്യുകയാണ് അരുൺ.

“എനിക്ക് പറയാൻ അധികം കഥകളൊന്നുമില്ല.​ഒരു സാധാരണക്കാരനാണ്. മോളുടെ കൂടെ ഒരു കമ്പനിയ്ക്ക് ചെയ്തു തുടങ്ങിയതാണ്. അതിങ്ങനെ ഹിറ്റാവുമെന്ന് ഓർത്തില്ല,” അരുൺ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“10-16 വർഷം മുൻപ് ഒരു കൊറിയോഗ്രാഫറായി ട്രൂപ്പുകളിലൊക്കെ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു ഞാൻ. പിന്നെ ഡാൻസൊക്കെ വിട്ടു, ഗൾഫിലേക്ക് പോയി. ഷൊർണൂരാണ് ജനിച്ചുവളർന്നത്, കേരള കലാമണ്ഡലത്തിന്റെ പരിസരത്തൊക്കെ ആയതിനാൽ കലാപരമായൊരു അന്തരീക്ഷം അന്നുണ്ടായിരുന്നു. 16 വർഷങ്ങൾക്കു ശേഷം ഇപ്പോൾ ആളുകൾ ശ്രദ്ധിക്കാൻ കാരണം നിയ മോൾ ആണ്. എന്റെ കൂടെ വന്ന് റീൽ ചെയ്യൂ എന്നൊക്കെ ഇടയ്ക്ക് അവള് നിർബന്ധിക്കുമ്പോഴും ഞാൻ ഒഴിഞ്ഞു മാറും. ഒന്നര മാസം മുൻപ് ചായ കുടിച്ചുകൊണ്ട് ഇരിക്കുന്ന എന്നെ നിർബന്ധിച്ചു കൊണ്ടുപോയി കളിപ്പിച്ചതാണ് ആദ്യത്തെ വീഡിയോ. ഒന്നര മാസത്തിനിടെ ആകെ നാലഞ്ചു വീഡിയോ മാത്രമേ ഞങ്ങൾ ചെയ്തുള്ളൂ. പെട്ടെന്ന് കയറി എല്ലാം വൈറലായപ്പോൾ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇരിക്കുകയാണ് ഞാൻ,” ചിരിയോടെ അരുൺ കൂട്ടിച്ചേർത്തു.

തൃശൂർ സെന്റ് തോമസ് കോളേജിൽ ക്രിമിനോളജി ആൻഡ് പൊലീസ് സയൻസ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ജസ്നിയ. ഏറെ ഇഷ്ടത്തോടെ തിരഞ്ഞെടുത്ത കോഴ്സാണ് ഇതെന്ന് ജസ്നിയ പറയുന്നു. കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ചെടുക്കുന്നതുപോലുള്ള കാര്യങ്ങളിലുള്ള താൽപ്പര്യമാണ് ഈ കോഴ്സ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്നും ജസ്നിയ കൂട്ടിച്ചേർക്കുന്നു. മോഡലിംഗ്, അഭിനയം പോലുള്ള കാര്യങ്ങളിലും ഏറെ താൽപ്പര്യമുണ്ട് ജസ്നിയയ്ക്ക്. അശ്വമേധം പ്രദീപ് സംവിധാനം ചെയ്ത ‘സ്വർണമത്സ്യങ്ങൾ’ എന്ന ചിത്രത്തിലും ജസ്നിയ അഭിനയിച്ചിട്ടുണ്ട്. ഏതാനും ചില സിനിമകളിൽ നിന്നും ജസ്നിയയ്ക്ക് ഓഫറുകളുണ്ട്, അതിന്റെ ചർച്ചകൾ നടക്കുകയാണ്.

മാമൻ എന്നതിനേക്കാൾ നല്ലൊരു സുഹൃത്താണ് ജസ്നിയയ്ക്ക് അരുൺ. ആ സൗഹൃദമാണ് തങ്ങളുടെ കെമിസ്ട്രിയെന്നാണ് ഇരുവരും പറയുന്നത്.

“കുറേ ആളുകൾ വിളിച്ച് നല്ല അഭിപ്രായമൊക്കെ പറയുന്നുണ്ട്. ഈ തടി വച്ച് എങ്ങനെ കളിക്കുന്നു എന്നൊക്കെ ചോദിച്ചാണ് അഭിനന്ദനം. മോളും ഞാനും വളരെ ഫ്രണ്ട്‌ലി ആയതുകൊണ്ടാണ് ആ വൈബ് അതുപോലെ കിട്ടുന്നത്. അവൾക്കൊപ്പം ഡാൻസ് കളിക്കുമ്പോൾ ആ എനർജി കിട്ടും, ഷൂട്ട് കഴിഞ്ഞാൽ പിന്നെ ഞാൻ സൈഡാവുമെന്നത് വേറെ കാര്യം,” അരുൺ പറഞ്ഞു.

ആഴ്ചയിൽ ആറു ദിവസവും ജോലിയുള്ളതിനാൽ ഞായറാഴ്ചകളിലാണ് ഇരുവരുടെയും റീൽ ഷൂട്ട്. “റിഹേഴ്സൽ ഒന്നും ചെയ്യാൻ സമയം കിട്ടാറില്ല. സ്റ്റെപ്പ് ഒന്നു നോക്കി നേരെയങ്ങ് കളിക്കുകയാണ് പതിവ്,” ജസ്നിയ പറഞ്ഞു നിർത്തി.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Jasnya k jayadeesh arun anedath interview viral dance videos