മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാർ. ഒരു വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി ജഗതി അഭിനയരംഗത്തു നിന്ന് പൂർണമായി വിട്ടുനിൽക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ മലയാളിക്ക് വലിയ താൽപര്യമുണ്ട്. ഹാസ്യസാമ്രാട്ടിന്റെ തിരിച്ചുവരവ് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ജഗതിയുടെ വിവാഹവാർഷികമാണിന്ന്. 1984 ലാണ് ജഗതി ശോഭയെ വിവാഹം കഴിക്കുന്നത്. പിന്നീടങ്ങോട്ട് 36 വർഷമായി ജഗതിയുടെ എല്ലാ സന്തോഷങ്ങളിലും ദുഃഖങ്ങളിലും നിഴലുപോലെ ശോഭയുണ്ട്. അച്ഛനും അമ്മയ്‌ക്കും വിവാഹവാർഷിക ആശംസകൾ നേർന്ന് പാർവതി ഷോൺ പങ്കുവച്ച വീഡിയോയിൽ അതു വ്യക്തമാണ്.

‘ജീവിതത്തിൽ എന്തും ഒരുമിച്ച് ഒരേ മനസോടെ നേരിടണം. സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്പതികൾക്ക് ചക്കര ഉമ്മ’ അച്ഛനും അമ്മയ്‌ക്കും ആശംസകൾ നേർന്നുള്ള വീഡിയോയിൽ പാർവതി കുറിച്ചു. ജഗതിയുടെയും ശോഭയുടെയും പല കാലഘട്ടങ്ങളിലായുള്ള ചിത്രങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയാണ് പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

Read Also: സുന്ദരിയ്ക്ക് പിറന്നാൾ ആശംസകൾ; ആര്യയ്ക്ക് ഒപ്പമുള്ള ചിത്രവുമായി പ്രിയാമണി

പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എന്‍.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായി 1951 ജനുവരി 5-ന്, തിരുവനന്തപുരം ജില്ലയിലെ ജഗതിയിലാണ് ജഗതി ശ്രീകുമാറിന്റെ ജനനം. മലയാളത്തില്‍ ഏകദേശം 1500ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ജഗതി, കലാലോകത്തേക്ക് കടക്കുന്നത് അച്ഛന്റെ നാടകങ്ങളിലൂടെയാണ്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം.

ലൊക്കേഷനുകളിലേക്ക് ഓടിനടക്കുന്നതിനിടയില്‍ 2012 മാര്‍ച്ച് 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook