കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം നടക്കുമ്പോൾ വേറിട്ട പ്രതിഷേധ പ്രകടനവുമായി ജാദവ്പുര്‍ സര്‍വകലാശാല വിദ്യാര്‍ഥിനായ ദെബോസ്മിത ചൗധരി. ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറിയാണ് ദെബോസ്മിത തന്റെ പ്രതിഷേധം അറിയിച്ചത്.

വേദിയിലെത്തിയ ദെബോസ്മിത സര്‍ട്ടിഫിക്കറ്റും മെഡലും സ്വീകരിച്ച ശേഷം തനിക്ക് ഒരു നിമിഷം തരണമെന്ന് ആവശ്യപ്പെടുകയും, കൈയിലുണ്ടായിരുന്ന സർട്ടിഫിക്കറ്റും മെഡലും തൊട്ടടുത്തെ മേശപ്പുറത്ത് വയ്ക്കുകയും തുടർന്ന് പൗരത്വ ഭേദഗതി നിയമത്തിന്റെ പകർപ്പ് വലിച്ച് കീറുകയുമായിരുന്നു. ഞങ്ങള്‍ തിരിച്ചറിയില്‍ രേഖകള്‍ കാണിക്കില്ലെന്നും ഇൻക്വിലാബ് സിന്ദാബാദ് എന്നും മുദ്രാവാക്യം മുഴക്കിയാണ് അവർ വേദിയിൽ നിന്ന് തിരിച്ചിറങ്ങിയത്.

കഴിഞ്ഞദിവസം ബംഗാൾ ഗവർണറും ജാദവ്പൂർ യൂണിവേഴ്സിറ്റി ചാൻസലറുമായ ജഗ്ദീപ് ധൻകറിന്റെ വാഹനം പ്രതിഷേധക്കാർ തടയുകയും കരിങ്കൊടി കാട്ടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിന്​ തിരിച്ചു പോകേണ്ടി വന്നിരുന്നു. വൈസ് ചാൻസലറുടെ നേതൃത്വത്തിലാണ് പിന്നീട് ചടങ്ങ് നടത്തിയത്. എന്നാൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് സര്‍വകലാശാലയിലെ നിരവധി വിദ്യാര്‍ഥികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വൈസ് ചാന്‍സലറുടെ കൈയില്‍ നിന്ന്‌ വാങ്ങാന്‍ തയ്യാറായില്ല.

“25 വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ വിട്ടുനിന്നു. ഞങ്ങള്‍ കോണ്‍വൊക്കേഷന്‍ ഗൗണുകള്‍ അണിഞ്ഞിരുന്നു. എന്നാല്‍ പേരുകള്‍ വിളിച്ചപ്പോള്‍ വേദിയിലേക്ക് പോകാന്‍ തയ്യാറായില്ല. ഈ രീതിയിലാണ് ഞങ്ങള്‍ പ്രതിഷേധിക്കുന്നത്.” ജാദവ്പൂർ സർവകലാശാലയിലെ വിദ്യാര്‍ഥിയായ അര്‍കോപ്രഭോ ദാസ് പറഞ്ഞു.

കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന കേന്ദ്രങ്ങളില്‍ ഒന്നാണ് ജാദവ്പുര്‍ സര്‍വകലാശാല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook