തിരുവനന്തപുരം: പൊതിച്ചോറിൽ കരുതലും സ്നേഹവും ഒളിപ്പിച്ച സുമനസിന്റെ ഉടമയായ കുമ്പളങ്ങിക്കാരി മേരി സെബാസ്റ്റ്യനെ ആദരിച്ച് ഐടി കമ്പനി ഐബിഎസ് സോഫ്റ്റ് വെയര്‍. മേരിയുടെ കുമ്പളങ്ങിയിലെ വീട്ടിലെത്തി പ്രശംസാഫലകവും ലക്ഷം രൂപയുടെ ചെക്കും കമ്പനി പ്രതിനിധികള്‍ കൈമാറി. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് മേരി സെബാസ്റ്റ്യനെ ആദരിച്ചത്.
കടലാക്രമണത്തിനും കോവിഡ് വ്യാപനത്തിനുമിടയിൽ ജീവിതവും ജീവനും കൈയിൽ പിടിച്ച് ദിവസങ്ങൾ തള്ളിനീക്കുന്ന ചെല്ലാനത്തെ മനുഷ്യർക്ക് കണ്ണമാലി പൊലീസിന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത ഭക്ഷണപ്പൊതിയിൽ നൂറ് രൂപയുടെ നോട്ട് കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. സഹജീവികളോടുള്ള കരുതലായി നോട്ട് ഒളിപ്പിച്ചുവച്ചത് മേരി സെബാസ്റ്റ്യനാണെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു
Read More: പൊതിച്ചോറിൽ ഒളിപ്പിച്ച സ്നേഹം; ആ 100 രൂപയുടെ ഉടമയെ കണ്ടെത്തി
പ്രശസ്തിയോ സമ്മാനമോ ആഗ്രഹിക്കാതെ നിസ്വാര്‍ത്ഥമായ സേവനമാണ് മേരി സെബാസ്റ്റ്യന്‍ നല്‍കുന്നതെന്ന് ഐബിഎസ് സോഫ്റ്റ് വെയറിന്റെ എക്സിക്യൂട്ടീവ് ചെയര്മാന് വി കെ മാത്യൂസ് പറഞ്ഞു. പ്രതിസന്ധികളുടെ കഥകള്‍ നിറയുന്ന ഇക്കാലത്ത് മേരിയുടെ ജീവിതം വലിയ ആശ്വാസവും മാനവികതയില്‍ നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
കുമ്പളങ്ങിയില്‍ കാറ്ററിങ് ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്നു മേരി സെബാസ്റ്റ്യന്‍. ഭര്‍ത്താവ് ബോട്ടിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നയാളും. കോവിഡ് കാലത്ത് ഇരുവര്‍ക്കും ജോലിയില്ലാതായി. ഓഗസ്റ്റില്‍ ചെല്ലാനത്ത് മഴക്കെടുതിയും കടലാക്രമണവും രൂക്ഷമായപ്പോള്‍ പൊതിച്ചോറു നല്കുന്ന സന്നദ്ധ പ്രവര്‍ത്തനത്തില്‍ മേരിയും പങ്കാളിയായി.
ചോറിനൊപ്പം നൂറു രൂപ കൂടി വച്ച് പൊതിഞ്ഞാണ് മേരി നല്‍കിയിരുന്നത്. ഇതാരോടും പറഞ്ഞിരുന്നുമില്ല. വിതരണം ചെയ്യാത്ത പൊതിച്ചോറില്‍ രൂപ ഇരിക്കുന്ന കാര്യം പൊലീസുകാരാണ് ശ്രദ്ധിച്ചത്. അവര്‍ നടത്തിയ അന്വേഷണത്തിലാണ് മേരിയുടെ സത്കര്‍മം പുറത്തറിഞ്ഞത്. മഴയത്ത് ആര്‍ക്കെങ്കിലും കട്ടന്‍ ചായയിട്ടു കുടിക്കാനെങ്കിലും ഉപകരിക്കുമല്ലോയെന്നു കരുതിയാണ് ചോറ് പൊതിയില്‍ കാശ് വച്ചതെന്ന് മേരി പറഞ്ഞു.
സമൂഹ്യമാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളിലും വാര്‍ത്ത വന്നതോടെ മേരിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്.