ചൊവ്വാഴ്ച രാത്രി മലയാളികളെ ഞെട്ടിച്ച വാർത്തയാണ് ഇസ്രായേലിലെ മിസൈൽ ആക്രമണവും അതിൽ ഒരു മലയാളി കൊല്ലപ്പെട്ടതും. ആ സംഭവത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോയും വൈറലായി കൊണ്ടിരിക്കുകയാണ്. മിസൈൽ ആക്രമണം നടക്കുന്ന സ്ഥലത്ത് നിന്ന് മലയാളി വ്‌ളോഗറായ സനോജ് ഫേസ്ബുക്ക് ലൈവ് വന്ന് പകർത്തിയ വിഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്.
ആക്രമണത്തിന്റെ ഭീകര ദൃശ്യങ്ങളടങ്ങിയ വിഡിയോയിൽ മിസൈൽ വന്ന് പതിച്ച വാഹനങ്ങൾ കത്തിയമരുന്നതും, മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളും രക്ഷാപ്രവർത്തനം നടത്തുന്ന പൊലീസ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയെല്ലാം കാണാം. അടുത്ത മിസൈൽ വരുന്നതിന്റെ സിഗ്നൽ ലഭിക്കുമ്പോൾ ഓടി സേഫ് റൂമിലേക്ക് പോകുന്നതും പരുക്ക് പറ്റിയ ആളുകളെ ചികില്സിക്കുന്നതെല്ലാം വിഡിയോയിൽ കാണുന്നുണ്ട്.
ഇസ്രായേലിലെ അഷ്കലോണിൽ താമസിക്കുന്ന ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് (35) ഇന്നലെ കൊല്ലപ്പെട്ടത്. 10 വർഷമായി ഇസ്രായേലിലുള്ള സൗമ്യ അഷ്കലോണിൽ ഒരു വീട്ടിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ഫലസ്തീനിൽനിന്ന് ഹമാസ് ആണ് റോക്കറ്റ് ആക്രമണം നടത്തിയത്. സൗമ്യ ജോലി ചെയ്തിരുന്ന അപ്പാർട്ട്മെന്റിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു. അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പ്രായമായ സ്ത്രീയും മരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച സൂര്യോദയം മുതൽ ഇതുവരെ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 26 ഫലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടു. വ്യോമാക്രമണങ്ങളിലാണ് ഭൂരിഭാഗവും കൊല്ലപ്പെട്ടത്. ഗാസയിൽ നിന്ന് വർഷിച്ച റോക്കറ്റുകളിലൊന്ന് തെക്കൻ നഗരമായ അഷ്‌കെലോണിലെ വീടുകളിൽ പതിച്ചാണ് സ്ത്രീകൾ കൊല്ലപ്പെട്ടത്. ഇപ്പോഴത്തെ സംഘർഷങ്ങളിൽ ഇസ്രയേലിലെ ആദ്യ മരണമാണിത്. മറ്റ് 10 ഇസ്രായേലികൾക്ക് പരിക്കേറ്റിട്ടുമുണ്ട്.