കൊച്ചി: ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ ആഹ്വാനം സോഷ്യല്‍ മിഡിയയില്‍ ട്രോളുകള്‍ക്കിടയാക്കിയിരിക്കുകയാണ്. ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും അതുകൊണ്ട് ‘കൗ ഹഗ് ഡേ’ ആചരിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.
സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ സോഷ്യല്‍ മീഡിയ ട്രോളുമായി എത്തുകയായിരുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും കൗ ഹഗ് ഡേയെ പരിഹസിച്ച് ട്രോള്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഇച്ചിരി തവിട്..ഇച്ചിരി തേങ്ങാപിണ്ണാക്ക്… ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ…! ‘ എന്ന നാടോടിക്കാറ്റിലെ പ്രശസ്മായ രംഗമാണ് മന്ത്രി പങ്കുവെച്ചത്. മലയാള സിനിമയിലെ പശുക്കളുമായി ബന്ധപ്പെട്ട രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാണ് ട്രോളുകളിലധികവും.





