ഐപിഎല്ലിൽ ഏറെ ആരാധകരുള്ള ടീമാണ് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. എന്നാൽ, നിർഭാഗ്യമെന്ന് പറയട്ടെ ഇതുവരെ ഒരു ഐപിഎൽ കിരീടം പോലും സ്വന്തമാക്കാൻ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല.
IPL 2020-SRH vs RCB: ജയത്തോടെ തുടങ്ങി കോഹ്ലിപ്പട; ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന്റെ ജയം 10 റൺസിന്
ഇപ്പോൾ നടക്കുന്ന ഐപിഎൽ 13-ാം സീസണിലെ ആദ്യ മത്സരം പൂർത്തിയാക്കിയപ്പോൾ ആരാധകർ നേരിയ പ്രതീക്ഷയിലാണ്. മുൻ സീസണുകളിലെ ദയനീയ പ്രകടനമായിരിക്കില്ല ഇത്തവണ ആർസിബിയിൽ നിന്നു ലഭിക്കുക എന്ന പ്രതീക്ഷയാണ് ഇപ്പോൾ ആരാധകർക്ക്. ഇന്നലെ സൺറെെസേഴ്സ് ഹെെദരബാദിനെതിരെ നടന്ന മത്സരത്തിൽ 10 റൺസിനാണ് ബാംഗ്ലൂർ ജയിച്ചത്.
തോൽവിയിൽ ബാംഗ്ലൂരിനെ ട്രോളാറുള്ള കായിക പ്രേമികൾ ഇത്തവണ ജയിച്ചിട്ടും കോഹ്ലിപ്പടയെ ട്രോളുകയാണ്. ആർസിബി ജയിച്ചെന്ന് തങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് പലരും പറയുന്നത്. ആരാധകർ വരെ ഈ ട്രോളൻമാരുടെ കൂട്ടത്തിലുണ്ട്.
പൊതുവേ മോശം ബോളിങ് നിരയാണ് ബാംഗ്ലൂരിനെ മുൻ സീസണുകളിൽ നിരാശപ്പെടുത്തിയത്. എന്നാൽ, ഇത്തവണ ഡത്ത് ഓവറുകളിൽ അടക്കം മികച്ച പ്രകടനമാണ് ആർസിബി ബോളർമാർ നടത്തിയത്. ബാംഗ്ലൂരിന്റെ സ്പിൻ ബോളർ യുസ്വേന്ദ്ര ചഹലിനെ നിരവധി പേർ ട്രോളുകളിലൂടെ പ്രശംസിച്ചു. മൂന്ന് നിർണായക വിക്കറ്റുകൾ നേടിയ ചഹലാണ് മത്സരത്തിലെ ‘മാൻ ഓഫ് ദ് മാച്ച്.’
ബാംഗ്ലൂരിനു വേണ്ടി അർധ സെഞ്ചുറി നേടിയ മലയാളി താരം ദേവ് പടിക്കലിന്റെ പ്രകടനവും ആരാധകരെ ആവേശത്തിലാഴ്ത്തി.
എന്നാൽ, ട്രോളൻമാരാൽ വേട്ടയാടപ്പെട്ടത് ബാംഗ്ലൂരിന്റെ പേസ് ബോളർ ഉമേഷ് യാദവ് ആണ്. മുൻ സീസണുകളിലും ഉമേഷ് ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. എതിർ ടീമിനു റൺസ് നേടാനുള്ള എല്ലാ വഴികളും അനായാസം തുറന്നിട്ടുനൽകുന്ന താരമാണ് ഉമേഷ് യാദവ് എന്നാണ് ട്രോളൻമാർ പരിഹസിക്കുന്നത്.
സൺറൈസേഴ്സ് ഹൈദരാബാദിനെ പത്ത് റൺസിന് പരാജയപ്പെടുത്തിയാണ് കോഹ്ലിപ്പട വരവറിയിച്ചത്. ബാറ്റിങ്ങിൽ ദേവ്ദത്ത് പടിക്കലിന്റെയും ഡിവില്ലിയേഴ്സിന്റെയും അർധസെഞ്ചുറി പ്രകടനവും ബോളിങ്ങിൽ ചാഹൽ, ശിവം ദുബെ, നവ്ദീപ് സൈനി എന്നിവരുടെ പ്രകടനവുമാണ് ബാംഗ്ലൂരിന് ആദ്യ ജയമൊരുക്കിയത്. ബാംഗ്ലൂർ ഉയർത്തിയ 163 റൺസ് പിന്തുടർന്ന ഹൈദരാബാദ് ഇന്നിങ്സ് 153 റൺസിൽ അവസാനിച്ചു.
ട്രോളുകൾക്ക് കടപ്പാട്: ട്രോൾ ക്രിക്കറ്റ് മലയാളം, ഐസിയു