ജയ്പൂര്‍: ഇന്നലത്തെ രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരം വിവാദമായി മാറിയിരിക്കുകയാണ്. ജോസ് ബട്‌ലറെ മങ്കാഡ് ചെയ്ത് പുറത്താക്കിയ അശ്വിന്റെ നീക്കത്തെ ചൊല്ലി ക്രിക്കറ്റ് ലോകം രണ്ട് തട്ടിലായിരിക്കുകയാണ്. എന്നാല്‍ ഇതേ മത്സരത്തിലെ മറ്റൊരു വീഡിയോയും ഇപ്പോള്‍ വൈറാലാകുന്നുണ്ട്. എന്നാല്‍ ക്രിക്കറ്റല്ല ഇവിടെ കാരണമെന്ന് മാത്രം.

ക്രിക്കറ്റിനിടെയുള്ള രാഷ്ട്രീയമാണ് ഇപ്പോള്‍ വൈറലാകുന്നത്. പഞ്ചാബിന്റെ ഇന്നിങ്‌സിനിടെയായിരുന്നു സംഭവം. ഗ്യാലറിയില്‍ നിന്നും ചൗക്കിദാര്‍ ചോര്‍ ഹേ മുദ്രാവാക്യം ഉയരുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തി കൊണ്ടു വരികയും പിന്നീട് പ്രതിപക്ഷമാകെ ഏറ്റെടുക്കുകയും ചെയ്ത ക്യാമ്പയിനാണ് ചൗക്കിദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്). ഈ മുദ്രാവാക്യങ്ങളാണ് കളിക്കിടെ മുഴങ്ങിയത്.

അതേസമയം, അശ്വിന്റെ വിവാദ മങ്കാഡിങ്ങില്‍ പ്രതികരണവുമായി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല രംഗത്തെത്തിയിരുന്നു. ക്യാപ്റ്റന്മാര്‍ തമ്മിലുള്ള മീറ്റിങ്ങില്‍ വച്ച് മങ്കാഡ് ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നതായി രാജീവ് ശുക്ല പറഞ്ഞു. നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കാനുള്ള അവസരം ലഭിച്ചാലും ബോളര്‍മാര്‍ അതിന് തയ്യാറാകില്ലെന്് അന്ന് നിലപാടെടുത്തിരുന്നതായി ശുക്ല പറഞ്ഞു.

”ഞാന്‍ ഓര്‍ക്കുന്നു,ക്യാപ്റ്റന്‍മാരും മാച്ച് റഫറിമാരുമുണ്ടായിരുന്ന ഒരു മീറ്റില്‍ ഞാനും പങ്കെടുത്തിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ പുറത്ത് കടന്നാലും ബോളര്‍ അയാളെ പുറത്താക്കില്ലെന്ന് അന്ന് തീരുമാനമെടുത്തിരുന്നു” എന്നായിരുന്നു രാജീവ് ശുക്ലയുടെ ട്വീറ്റ്.

ധോണിയും കോഹ്ലിയും മീറ്റിങ്ങിലുണ്ടായിരുന്നുവെന്നും കൊല്‍ക്കത്തിയില്‍ വച്ചായിരുന്നു മീറ്റിങ്ങെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അശ്വിനെതിരെ പ്രതിഷേധം ശക്തമാണ്. ബിസിസിഐ അധികൃതരടക്കം താരത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ