ന്യൂയോർക്ക്: ലോകത്തെ സഞ്ചാരപ്രിയർക്കെല്ലാം പ്രിയപ്പെട്ടവളാണ് അമീലിയ ലിയാന. ലോകം ചുറ്റി സഞ്ചരിച്ച് അമീലിയ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളാണ് ഈ പ്രിയത്തിന് കാരണം. എന്നാൽ ലോകംചുറ്റിയെന്ന പേരില്‍ ബ്രിട്ടീഷ് ട്രാവല്‍ ബ്ലോഗര്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതെല്ലാം വ്യാജചിത്രങ്ങളാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളെല്ലാം കൃത്രിമമാണെന്നാണ് ഇപ്പോൾ കയ്യോടെ പിടിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത അമീലിയയുടെ നിരവധി ചിത്രങ്ങളും ഇത്തരത്തിൽ കൃത്രിമമാണെന്ന് സോഷ്യല്‍മീഡിയ ചൂണ്ടിക്കാട്ടുന്നു.

താജ്മഹല്‍ ചിത്രത്തില്‍ കണ്ടെത്തിയ കൃത്രിമത്വം ഇവയാണ്- സദാസമയം തിരക്കുള്ള താജ്മഹല്‍ പരിസരം അമീലിയയുടെ ഫോട്ടോയില്‍ വിജനം. അമീലിയയുടെ നിഴല്‍ ജലാശയത്തിന്റെ അരികുവരെ മാത്രം. ഗോപുരത്തില്‍ പലകത്തട്ട് കാണാനില്ല!

ഒരു ഫോട്ടോയിലൊന്നും ഇത് അവസാനിച്ചില്ല. ന്യൂയോര്‍ക്ക് ചിത്രങ്ങളിലെ തട്ടിപ്പും പിന്നാലെ പുറത്തുവന്നു. മാന്‍ഹാട്ടണിലെ റോക്കര്‍ഫെല്ലര്‍ സെന്ററിലെ ഫോട്ടോയാണ് പ്രേക്ഷകരെ സംശയത്തിലേക്ക് നയിച്ചത്. ജനാലയിലൂടെ നഗരം നോക്കിനില്‍ക്കുന്ന അമീലിയയുടെ ചിത്രത്തില്‍, നാലുവര്‍ഷം പഴക്കമുള്ള ഫ്രീഡം ടവര്‍ ഇല്ലായിരുന്നു!

സംഭവം വിവാദമായതിനു പിന്നാലെ ചിത്രങ്ങള്‍ കൃത്രിമമാണെന്ന് സാക്ഷ്യപ്പെടുത്തി സാങ്കേതികവിദഗ്ധരും രംഗത്തുവന്നു. ന്യൂയോര്‍ക്കിന്റെ പഴയൊരു ചിത്രം ഉപയോഗിച്ചാണ് അവര്‍ ഫോട്ടോ തയാറാക്കിയതെന്നും കണ്ടെത്തി. 26-കാരിയായ അമീലിയയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ നാലരലക്ഷത്തില്‍ അധികം ഫോളോവേഴ്‌സാണുള്ളത്.