ചെന്നൈ നഗരം ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന മഴക്കെടുതിയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കവേയാണ് ഇന്‍സ്പെക്ടര്‍ രാജേശ്വരി ജോലി ചെയ്യുന്ന ടി പി ഛത്രം പോലീസ് സ്റ്റേഷനിലേക്ക് ഒരു കാള്‍ വന്നത്. സമീപപ്രദേശത്ത്, ആളുകള്‍ക്ക് പെട്ടെന്ന് എത്താനാവാത്ത ഇടത്ത് ഒരാള്‍ വീണു കിടക്കുന്നു എന്നും അയാള്‍ മരിച്ചു പോയതായി സംശയിക്കുന്നു എന്നും കാളിലൂടെ ലഭിച്ച വിവരം അനുസരിച്ച്, ‘ബോഡി’ എടുത്ത് മാറ്റാന്‍ ആണ് ഇന്‍സ്പെക്ടറും സംഘവും അവിടെ എത്തിയത്.
ചെറുപ്പക്കാരന്റെ അടുത്ത് ചെല്ലുമ്പോഴും അവര്‍ കരുതിയത് അയാള്‍ മരണപ്പെട്ടു എന്ന് തന്നെയാണ്. എന്നാല്‍ പെട്ടെന്ന് അയാള്‍ ഒരു ശ്വാസം എടുക്കുന്നത് രാജേശ്വരിയുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് നടന്നത് ഇന്നലെ ലോകം മുഴുവന്‍ കണ്ടു, കൈയ്യടിച്ചു.
ഇരുപത്തിയെട്ട് വയസ്സോളം പ്രായം വരുന്ന ആ ചെറുപ്പക്കാരനെ, അസുഖം വന്ന മകനെ മകനെ വാരിയെടുക്കുന്ന കരുതലോടെ, വേഗത്തോടെ രാജേശ്വരി ചുമലില്‍ എടുത്ത് ഓട്ടോയില്‍ കയറ്റി. അവിടെ നിന്ന് കെ എം സി ആശുപത്രിയിലേക്ക്… ഇപ്പോള്‍ അയാള്‍ അവിടെ ചികിത്സയില്‍ തുടരുന്നു.
തന്‍റെ വീഡിയോ വൈറല്‍ ആയതിനു പിന്നാലെ രാജേശ്വരിയെ തേടി അനേകം ആശംസകള്‍ എത്തി, നേരിട്ടും അല്ലാതെയും. ഇങ്ങനെ തന്നെ ജോലി തുടരണം, നന്നായി ആളുകളെ സേവിക്കാന്‍ സാധിക്കണം എന്നൊക്കെയാണ് രാജേശ്വരിയ്ക്ക് ഈ അവസരത്തില്‍ പറയാന്‍ ഉണ്ടായിരുന്നത്.