അടുത്തിടെയാണ് പ്രമുഖ പാചകക്കാരനായ സഞ്ജീവ് കപൂര്‍ എയര്‍ ഇന്ത്യയുടെ നാഗ്പൂര്‍-മുംബൈ വിമാനത്തില്‍ ലഭിച്ച പ്രഭാത ഭക്ഷണത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. സഞ്ജീവിന്റെ വാക്കുകളുടെ ചൂടാറും മുന്‍പ് തന്നെ വീണ്ടും എയറിലായിരിക്കുകയാണ് എയര്‍ ഇന്ത്യ. ഇത്തവണയും വില്ലന്‍ ഭക്ഷണം തന്നെ.
എയര്‍ ഇന്ത്യയുടെ മുംബൈ-ചെന്നൈ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ ലഭിച്ച ഭക്ഷണത്തില്‍ പ്രാണികള്‍ വരെ ഉണ്ടായിരുന്നു. മഹാവീര്‍ ജെയിന്‍ എന്നൊരാളാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാതി കഴിച്ച പാത്രത്തിനുള്ളിലൂടെ പ്രാണി നടക്കുന്നത് വ്യക്തമായി കാണാനും സാധിക്കും.
മഹാവീറിന്റെ ട്വീറ്റിനോട് എയര്‍ ഇന്ത്യ പ്രതികരിക്കുകയും ചെയ്തു. “വിമാനം വൃത്തിയായി സൂക്ഷിക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമക്കാറുണ്ട്. നിങ്ങള്‍ക്കുണ്ടായ അനുഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. നിങ്ങളുടെ അഭിപ്രായം പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കുന്നു,” എയര്‍ ഇന്ത്യ വ്യക്തമാക്കി.
വീഡിയോയുടെ താഴെ എയര്‍ ഇന്ത്യയ്ക്കെതിരെ വിമര്‍ശനങ്ങളുമായി നിരവധി പേരാണ് എത്തിയത്. യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം റദ്ദാക്കിയ വിവരം അറിയിച്ചില്ലെന്നാണ് ഒരാളുടെ പരാതി. മറ്റൊരാള്‍ ഭക്ഷണത്തിന്റെ ഗുണമേന്മ മോശമാണെന്ന് കുറിച്ചു.
“ഇത്തരം സംഭവങ്ങൾ കാണുന്നതിൽ സങ്കടമുണ്ട്. ആരാണ് എയർലൈന് ഭക്ഷണം നൽകുന്നത്. അവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമോ? പരിചയയസമ്പന്നരായ വിരമിച്ച ജീവനക്കാരെ കരാറിൽ റിക്രൂട്ട് ചെയ്യുന്നതിൽ എയർ ഇന്ത്യയെ തടയുന്നത് എന്താണ്,” മറ്റൊരാള്‍ പറഞ്ഞു.