ബിജെപിയുട തിരഞ്ഞെടുപ്പ് പ്രകടന പത്രിക കണ്ട് ഞെട്ടിയിരിക്കുകയാണ് സാക്ഷാല്‍ കിട്ടുണ്ണി. അത് മറ്റാരുമല്ല, കിലുക്കം എന്ന ചിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ്.
‘വര്‍ഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും,’ എന്ന വാഗ്ദാനമാണ് ഇന്നസെന്റിനെ ഞെട്ടിച്ചത്. ഉടന്‍ അത് ട്രോളായി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലും വന്നു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിലുക്കത്തില്‍ രേവതിയും ഇന്നസെന്റും ചേര്‍ന്നാണ് ഈ രംഗം അഭിനയിച്ചു തകര്‍ത്തിരിക്കുന്നത്. ഇന്നസെന്റ് അവതരിപ്പിച്ച കിട്ടുണ്ണി എന്ന കഥാപാത്രത്തിന് ലോട്ടറി അടിച്ചു എന്ന് രേവതി തെറ്റിദ്ധരിപ്പിക്കുന്ന രംഗം ഏറെ പ്രശസ്തമാണ്.
‘സങ്കല്‍പ് പത്ര’ എന്ന പേരിലാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കള്‍ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. 2014ലെ തിരഞ്ഞെടുപ്പില്‍ നടത്തിയ 550 വാഗ്ദാനങ്ങളില്‍ 520ഉം നടപ്പാക്കിയെന്നാണ് ബിജെപിയുടെ അവകാശവാദം.
ആറുകോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് അമിത് ഷാ പറഞ്ഞു. ആശയവിനിമയത്തിനായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുവെന്നും അമിഷ് ഷാ അവകാശപ്പെട്ടു. 45 പേജുകളുള്ള പ്രകടന പത്രികയില്‍ 75 വാഗ്ദാനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Read More: ബിജെപി പ്രകടന പത്രികയിൽ ശബരിമല; വിശ്വാസത്തിന് ഭരണഘടന സംരക്ഷണം ഉറപ്പാക്കും
എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഗ്യാസ് സിലിണ്ടര്‍, ദേശീയ പാത ഇരട്ടിയാക്കും, റെയില്‍പാതകളുടെ വൈദ്യുതീകരണം 2020 ല്‍ പൂര്‍ത്തിയാക്കും, കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപയ്ക്ക് അഞ്ച് വര്‍ഷം വരെ പലിശ രഹിത വായ്പ നല്‍കും ഏകീകൃത സിവില്‍കോഡ് നടപ്പാക്കും, പൗരത്വ ബില്‍ പാസാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.