ഒരു വ്യക്തി എന്ന നിലയിൽ പൂർണിമ ഒരുപാട് പേർക്ക് പ്രിയപ്പെട്ടവളാണ്. ദമ്പതികൾ എന്ന നിലയിൽ പൂർണിമയും ഇന്ദ്രജിത്തും വീണ്ടും ഒരുപാട് പേർക്ക് പ്രിയപ്പെട്ടവരാണ്. ഇന്ന് ഇരുവരുടേയും 17ാം വിവാഹ വാർഷികമാണ്. ഒപ്പം പൂർണിമയുടെ പിറന്നാളും. സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി പേജുകൾ നിറയെ ഇന്ന് ഇരുവരുടേയും ചിത്രങ്ങളാണ്. അതിൽ ഏറ്റവും മനോഹരമായ ഒന്ന് പങ്ക് വച്ചത് നിമിഷ സജയനാണ്.

Read More: എനിക്ക് 21 അവന് 20, ഞാനൊരു നടിയും അവനൊരു വിദ്യാർഥിയും; പൂർണിമ പറയുന്നു

“തേരി ആഖോം കെ സിവാ ദുനിയ” എന്ന മനോഹര ഗാനം ഇന്ദ്രജിത്ത് പാടുമ്പോൾ, ഇന്ദ്രനോട് ചേർന്നിരിക്കുന്ന പൂർണിമയുടെ വീഡിയോ ആണ് നിമിഷ പങ്കുവച്ചത്. എന്നെന്നും നിങ്ങളിങ്ങനെ ചേർന്നിരിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് നിമിഷ ഇത് പങ്കുവച്ചത്.

മലയാള സിനിമയിൽ ഒരുപാട് താരദമ്പതിമാരുണ്ട്. അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപ്പം സ്പെഷ്യലാണ്. മറ്റൊന്നുമല്ല, പ്രേക്ഷകർക്ക് അവരെ അത്രയധികം ഇഷ്ടമാണ് എന്നത് കൊണ്ടു തന്നെ. ഇന്ന് തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ ഇന്ദ്രജിത്തിനോടുള്ള​ തന്റെ പ്രണയം ഒരിക്കൽ കൂടി പറഞ്ഞുവയ്ക്കുകയാണ് പൂർണിമ. ഒപ്പം പഴയ ഓർമകളെ പൊടിതട്ടിയെടുക്കുന്നുമുണ്ട് താരം.

“അന്ന് അവനെന്നോട് വിവാഹാഭ്യർഥന നടത്തി. ഞങ്ങൾ​ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാൻ ഒരു നടിയായിരുന്നു. അവൻ ഒരു വിദ്യാർഥിയും. ഈ ദിവസം ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ദൈവമേ, ഞങ്ങൾ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്. ഇത് ക്ലിക്കുചെയ്യുമ്പോൾ ഞങ്ങളുടെ തലയിൽ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർക്കുമായിരുന്നു. ഇപ്പോൾ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വർഷത്തെ പ്രണയവും 17 വർഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാർഷികാശംസകൾ,” പൂർണിമ കുറിച്ചു. ഇതിന് താഴെ മല്ലിക സുകുമാരൻ ഉൾപ്പെടെയുള്ളവർ കമന്റ് ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook