വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ടതുകൊണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ മൂന്ന് ആഴ്ചത്തേക്ക് ഇന്‍ഡിഗോയില്‍ പറക്കേണ്ടതില്ല എന്നാണ് കമ്പനിയുടെ തീരുമാനം. ഇന്‍ഡിഗോയുടെ വിലക്ക് ലഭിച്ചതിന് പിന്നാലെ ഇപിയങ്ങ് ഇന്‍ഡിഗോയേയും വിലക്കി. ഇനി ആ വശത്തേക്കില്ലെന്നാണ് ഇപിയുടെ പക്ഷം.
ഇന്‍ഡിഗോയെ വിലക്കിയ ഇപിയുടെ പ്രസംഗമായിരുന്നു ട്രോളന്മാരുടെ ഇന്നത്തെ അന്നം. ഇപിയുടെ ഒരു വാക്കിനെ പോലും വെറുതെ വിടാതെയായിരുന്നു ട്രോള്‍ മഴ. “കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിരിക്കുന്നത് ഞാനും എന്റെ ഭാര്യയുമായിരിക്കും. അവരെനിക്ക് മൂന്നാഴ്ചത്തെ വിലക്കാണ് നല്‍കിയതെങ്കില്‍ ഞാന്‍ ഇനി ഇന്‍ഡിഗൊ കമ്പനിയില്‍ യാത്ര ചെയ്യില്ല,” ഇതായിരുന്നു ഇപിയുടെ ആദ്യ പ്രതികരണം.




മലയാളികളുടെ ട്രോള്‍ ആഘോഷം ഇങ്ങനെയൊന്നും തീര്‍ന്നില്ല. അത് ഇന്‍ഡിഗോയുടെ ഫെയ്സ്ബുക്ക് പേജുവരെ നീണ്ടു. ഫെയ്സ്ബുക്ക് പേജില്‍ പരിഹാസപ്പെരുമഴ ചൊരിയുന്ന മലയാളികളെയായിരുന്നു കണ്ടത്. വിമാനം കണ്ണൂരിന്റെ ആകാശത്ത് കൂടെ പറക്കുന്നതൊന്ന് കാണണമെല്ലോയെന്നും ധൈര്യമുണ്ടെങ്കില്‍ റോഡില്‍ കൂടെ ഓടിച്ചു നോക്കെടാ എന്നൊക്കെയാണ് കമന്റുകള്‍.
ഇപിയെ ട്രോളാന്‍ മാത്രമായിരുന്നില്ല എല്ലാവരും എത്തിയത്. ഇപിക്കെതിരായ നടപടിയില്‍ ചില പ്രതിഷേധ സ്വരങ്ങളും കണ്ടു. ചിലരാവട്ടെ കമന്റുകള്‍ വായിച്ച് ചിരിക്കാന്‍ വന്നവരാണ്. ചിരിക്കാനുള്ള വകയൊക്കെ കമന്റ് ബോക്സില്‍ നല്‍കാന്‍ മലയാളികള്‍ മടിച്ചിട്ടില്ലെന്നും വ്യക്തമാണ്. എന്തായാലും ഇപി ഇന്‍ഡിഗോയെ വിലക്കിയത് തന്നെയാണ്.
ഇന്ന് കണ്ണൂരിലേക്ക് മടങ്ങുന്നതിനായി ഇപി ടിക്കെറ്റെടുത്തിരുന്നു. ഇന്‍ഡിഗോയുടെ വിലക്കിന് പിന്നാലെ ട്രെയിനിലാക്കി യാത്ര. കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന പ്രഖ്യാപനവും ഇപി നടത്തിയിട്ടുണ്ട്. കൂടാതെ ഇന്‍ഡിഗോയുടെ നടപടിയെ കണക്കിന് വിമര്‍ശിക്കുകയും ചെയ്തു. ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗൊ സ്വീകരിച്ചതെന്നാണ് ഇപിയുടെ അഭിപ്രായം.