വിശാഖപട്ടണം: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സൈനിക ഉദ്യോഗസ്ഥയായ ഷാബി ഇപ്പോള്‍ തന്റെ ജോലി നഷ്ടപ്പെടാതിരിക്കാനുള്ള അവസാന പോരാട്ടത്തിലാണ്. 30കാരിയായ ഷാബിക്ക് ഏഴുവര്‍ഷം മുമ്പാണ് നാവികസേനയിലെ മറൈന്‍ എൻജിനീയറിങ് വിഭാഗത്തില്‍ ജോലി ലഭിക്കുന്നത്. അന്ന് ഷാബിയുടെ പേര് എം.കെ.ഗിരിയെന്നായിരുന്നു. എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തിലാണ് ഷാബി തന്റെ പോരാട്ടത്തിന്റ കഥ പറയുന്നത്.

പുരുഷ ശരീരത്തില്‍ സത്രീ മനസുമായുള്ള ജീവിതം ദുസ്സഹമായിരുന്നെങ്കിലും അത് പുറത്ത് പറയാന്‍ ഷാബിയ്ക്ക് ധൈര്യമുണ്ടായില്ല. നേവിയിലെത്തിയതിനു ശേഷം നേവി ഡോക്ടറോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം 22 ദിവസത്തെ അവധിയെടുത്ത് രഹസ്യമായി ഷാബി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. ഡല്‍ഹിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ.

തിരിച്ച് ജോലിയില്‍ പ്രവേശിച്ചെങ്കിലും മൂത്രാശയ അണുബാധ വന്നതിനെ തുടര്‍ന്ന് താന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ വിവരം ഷാബിയ്ക്ക് വെളിപ്പെടുത്തേണ്ടിവന്നു. നേവി ആശുപത്രിയിലെ പുരുഷന്‍മാരുടെ വാര്‍ഡിലായിരുന്നു സാബിയെ പ്രവേശിപ്പിച്ചത്. 24 മണിക്കൂറും കാവലിന് പുരുഷന്മാരായ സൈനിക ഉദ്യോഗസ്ഥരും.

തുടര്‍ന്ന് ആറുമാസത്തോളം ഷാബി മാനസികരോഗ വാര്‍ഡിലായിരുന്നു. മാനസിക നില തകരാറിലാണെന്നും നേവിയില്‍ ജോലിചെയ്യാന്‍ ഷാബി പര്യാപ്തയല്ലെന്നും വരുത്തി തീര്‍ക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചു. ജയിലിനു സമാനമായിരുന്നു ഇവിടമെന്നും ഷാബി പറയുന്നു. എങ്കിലും ഷാബി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഒടുവില്‍ ഓഗസ്റ്റ് 12 ന് ഷാബിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

പ്രശ്‌നങ്ങളെ തുടര്‍ന്ന് നാവിക സേന പ്രതിരോധ മന്ത്രാലയത്തിന് ഷാബിയുടെ കേസ് റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ ഡിവിഷണല്‍ ഓഫിസറോട് കാര്യങ്ങള്‍ തീരുമാനിക്കാനായിരുന്നു പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശിച്ചത്. പക്ഷെ, കമാൻഡിങ് ഓഫിസറോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. തന്നോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചെതെന്നാണ് ഷാബിയുടെ ആരോപണം. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതുകൊണ്ട് മാത്രം ഒരാളെങ്ങനെ ഇന്ത്യന്‍ സൈന്യത്തിന് സൈനികനല്ലാതാകുന്നുവെന്നും ഷാബി ചോദിക്കുന്നു.

മാധ്യമങ്ങളോട് സംസാരിച്ചാല്‍ പുറത്താക്കുമെന്ന ഭീഷണിയുമുണ്ട്. സ്ത്രീകള്‍ക്ക് പ്രതിരോധ വിഭാഗത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാടെന്നും ഷാബി വ്യക്തമാക്കുന്നു. ഇന്ത്യന്‍ നേവിയുടെ നിലവിലെ നയം അനുസരിച്ച് ട്രാന്‍സ്ജെന്‍ഡറായ ഒരാളെ സേനയിലെടുക്കാനാവില്ലെന്നാണ് ഷാബിയ്ക്ക് ലഭിക്കുന്ന വിശദീകരണം.

തന്റെ ജോലി നിലനിര്‍ത്താന്‍ സുപ്രീം കോടതിയില്‍ പോകാനൊരുങ്ങുകയാണ് ഷാബിയിപ്പോള്‍. കൂടാതെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുന്ന കാര്യവും പരിഗണനയില്‍ ഉണ്ടെന്ന് ഷാബി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook