ഇന്ത്യയില്‍ മാത്രം ജീവിക്കുമ്പോള്‍ മാധ്യമ സ്വാധീനം മൂലം പാകിസ്ഥാനെക്കുറിച്ച് ചില ധാരണകളും മുന്‍വിധികളും ആളുകള്‍ക്കുണ്ടാവാം. എന്നാല്‍, അതിര്‍ത്തിക്കപ്പുറത്തുള്ള ആളുകളെ കാണാനും ഇടപഴകാനും അവസരം ലഭിക്കുന്നതോടെ അത്തരം ധാരണകള്‍ സാധാരണയായി മാറുന്നതും പലരുടെയും അനുഭവമാണ്.
സ്നേഹ ബിശ്വാസിന്റെ അനുഭവവും സമാനമാണ്. പാകിസ്ഥാനില്‍നിന്നുള്ള പെണ്‍കുട്ടിയെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ കണ്ടുമുട്ടിയതും തുടര്‍ന്ന് അതൊരു മധുരമൂറുന്ന സൗഹൃദമായതിന്റെയും അനുഭവം ലിങ്ക്ഡ്ഇനില്‍ പങ്കുവച്ചിരിക്കുകയാണു സ്‌നേഹ. ഹാര്‍വാര്‍ഡിലെ പതാക ദിനത്തില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ പതാകകള്‍ പിടിച്ചുനില്‍ക്കുന്ന തന്റെയും സുഹൃത്തിന്റെയും ഫൊട്ടോ സ്‌നേഹ പങ്കിടുകയും ചെയ്തു.
”ഇന്ത്യയിലെ ഒരു ചെറിയ പട്ടണത്തില്‍ വളര്‍ന്ന എന്റെ, പാക്കിസ്ഥാനെക്കുറിച്ചുള്ള അറിവ് ക്രിക്കറ്റ്, ചരിത്ര പുസ്തകങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയില്‍ ഒതുങ്ങിയതായിരുന്നു. എല്ലാം മത്സരങ്ങളെയും വിദ്വേഷത്തെയും കേന്ദ്രീകരിച്ചുള്ളത. പതിറ്റാണ്ടുകള്‍ക്കുശേഷം ഞാന്‍, പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍നിന്നുള്ള ഈ പെണ്‍കുട്ടിയെ കണ്ടുമുട്ടി. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ എന്റെ ഒന്നാം ദിനത്തിലാണ് അവളെ കണ്ടത്. പരസ്പരം ഇഷ്ടപ്പെടാന്‍ ഞങ്ങള്‍ക്ക് അഞ്ച് സെക്കന്‍ഡ് മാത്രമേ വേണ്ടിവന്നുള്ളൂ. ഒന്നാം സെമസ്റ്ററിന്റെ അവസാനത്തോടെ അവള്‍ കാമ്പസിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായി,”സ്നേഹ ബിശ്വാസ് കുറിച്ചു.
” നിരവധി ചായകള്‍, ബിരിയാണികള്‍, പഠനം, കേസ് സ്റ്റഡി തയാറെടുപ്പുകള്‍ എന്നിവയിലൂടെ ഞങ്ങള്‍ പരസ്പരം കൂടുതല്‍ അടുത്തറിഞ്ഞു. മറ്റുള്ളവരുമായി ഇടപഴകുന്ന പശ്ചാത്തലത്തിലാണ് അവള്‍ വളര്‍ന്നത്. മാതൃകകള്‍ ലംഘിക്കാന്‍ അവള്‍ക്കും അനുജത്തിക്കും ധൈര്യം നല്‍കിയതും സ്വപ്‌നങ്ങളെ പിന്തുടരാന്‍ പ്രേണയായതും മാതാപിതാക്കളുടെ പിന്തുണയായിരുന്നു. അവളുടെ നിര്‍ഭയമായ അഭിലാഷങ്ങളുടെയും ധീരമായ തിരഞ്ഞെടുപ്പുകളുടെയും കഥകള്‍ എന്നെ പ്രചോദിപ്പിച്ചു.”
”നിങ്ങളുടെ രാജ്യങ്ങളെക്കുറിച്ചുള്ള അഭിമാനം ശക്തമായി നിലകൊള്ളുമ്പോള്‍ തന്നെ, ആളുകളോടുള്ള നിങ്ങളുടെ സ്‌നേഹം ഭൂമിശാസ്ത്രത്തിനും അതിരുകള്‍ക്കും അതീതമാണെന്നു ഞാന്‍ മനസിലാക്കി. ആളുകള്‍ അടിസ്ഥാനപരമായി എല്ലായിടത്തും സമാനമാണ്.
മനുഷ്യര്‍ നിര്‍മിച്ചതാണ് പരിധികളും അതിരുകളും ഇടങ്ങളും. ഇത്തരം പരിധികളെല്ലാം മനസില്‍ തോന്നുമെങ്കിലും അവ മനസിലാക്കുന്നതില്‍ ഹൃദയം പലപ്പോഴും പരാജയപ്പെടുന്നു.”
”ഹാര്‍വാര്‍ഡിലെ പ്രശസ്തമായ പതാക ദിനത്തില്‍ ഞങ്ങളെ നോക്കൂ. സ്വന്തം പതാകകള്‍ ഉയര്‍ത്തിയ ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ മാത്രമല്ല, ഉയര്‍ന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഭയപ്പെടുന്ന ഇരു രാജ്യങ്ങളിലെയും അസംഖ്യം പെണ്‍കുട്ടികളുടെയും ‘തടസങ്ങള്‍ തകര്‍ക്കുന്നതിന്റെ’ സന്തോഷത്തില്‍ പുഞ്ചിരിക്കുന്നു,” സ്‌നേഹ കുറിച്ചു.
ചൊവ്വാഴ്ച പങ്കുവച്ച ഈ പോസ്റ്റിന് നാല്‍പ്പതിനായിരത്തോളം ലൈക്കുകളും ആയിരത്തി അഞ്ഞൂറോളം ലധികം കമന്റുകളും ലഭിച്ചു.
”നാം പരസ്പരം മതിലുകള്‍ ഉയര്‍ത്തി, അവ പൊളിച്ചുകളയേണ്ടതു നാം തന്നെയാണ്,” ഒരു ലിങ്ക്ഡ്ഇന്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടു.
”തീര്‍ച്ചയായും, മനുഷ്യനുണ്ടാക്കിയ നിയന്ത്രണരേഖകള്‍ക്കപ്പുറം നാം ഒരേ ആളുകളാണ്. തീര്‍ച്ചയായും നിങ്ങളുടെ ആജീവനാന്ത സൗഹൃദം ഇരുവശത്തുമുള്ള പെണ്‍കുട്ടികളില്‍ അതിരുകള്‍ക്കുപരിയായ മാറ്റങ്ങള്‍ വരുത്തുകയും മുന്നോട്ടുപോകാന്‍ പ്രചോദനം നല്‍കുകയും ചെയ്യും,’ മറ്റൊരാള്‍ എഴുതി.