ജോലിക്കിടയിൽ ഉറക്കം വരുന്നതും ഇത്തിരി നേരമെങ്കിലും ഉറങ്ങാൻ തോന്നുന്നതും സ്വാഭാവികമാണ്. ഇത്തരം സമയങ്ങളിൽ ചില ഒരു ചായയോ കാപ്പിയോ കുടിച്ച് അത് നിയന്ത്രിക്കുകയാണ് പതിവ്. എന്നാൽ അതിനൊരു മാറ്റം കൊണ്ടുവരികയാണ് ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി. ജീവനക്കാർക്ക് ദിവസവും അരമണിക്കൂർ ഉച്ചയുറക്കത്തിന് സമയം അനുവദിച്ചിരിക്കുകയാണ് കമ്പനി.
വേക്ക്ഫിറ്റ് സൊല്യൂഷൻ എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എല്ലാദിവസവും അരമണിക്കൂർ ‘ഔദ്യോഗിക ഉറക്ക സമയം’ ഉണ്ട്. സ്ലീപ് സൊല്യൂഷൻ ബ്രാൻഡ് എന്ന നിലയിൽ കമ്പനിയുടെ നയത്തിനോട് ചേർന്ന് നിൽക്കുന്നതാണ് പ്രഖ്യാപനം.
അടുത്തിടെ വേക്ക്ഫിറ്റ് സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡ, ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് ജീവനക്കാർക്ക് ഉച്ചയ്ക്ക് 2 മുതൽ 2.30 വരെ ഉറങ്ങാമെന്ന പ്രഖ്യാപനം നടത്തിയത്. “ഞങ്ങൾ ഇപ്പോൾ ആറ് വർഷത്തിലേറെയായി ഉറക്കത്തിന്റെ ബിസിനസ്സിലാണ്, എന്നിട്ടും വിശ്രമത്തിൽ നിർണായകമായ ഉച്ചയുറക്കത്തോട് നീതി പുലർത്തുന്നതിൽ പരാജയപ്പെട്ടു. ഞങ്ങൾ എല്ലായ്പ്പോഴും ഉറക്കത്തിനെ ഗൗരവത്തോടെയാണ് കാണുന്നത്, ഇന്ന് മുതൽ ഞങ്ങൾ കാര്യങ്ങളെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്,” രാമലിംഗഗൗഡ കുറിച്ചു.
ഉച്ചയുറക്കം ഉൽപ്പാദനക്ഷമത വർധിപ്പിക്കുമെന്നും മികച്ച പ്രകടനത്തിന് സഹായിക്കുമെന്ന പഠനങ്ങളും അദ്ദേഹം മെയിലിൽ ചൂണ്ടിക്കാട്ടി. “26 മിനിറ്റ് നേരത്തെ ഉറക്കത്തിന് നമ്മുടെ പ്രകടനം 33 ശതമാനം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് നാസയുടെ ഒരു പഠനം വെളിപ്പെടുത്തുന്നു” അദ്ദേഹം കുറിച്ചു.
ഉച്ചയുറക്കത്തിനായി നാപ് പോഡ്സും പ്രത്യേക മുറികളും സജ്ജമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വേക്ക്ഫിറ്റ് 2019-ൽ ‘റൈറ്റ് ടു വർക്ക് നാപ്സ്’ എന്ന പേരിൽ ഒരു സർവേ നടത്തിയിരുന്നു, 1,500 പങ്കെടുത്ത സർവേയിൽ 70 ശതമാനം പേരും തങ്ങൾക്ക് ജോലിസ്ഥലത്ത് ‘ഉറക്കമുറി’ ഇല്ലെന്ന് പറഞ്ഞു, 86 ശതമാനം പേർ ഉച്ചയുറക്കം തങ്ങളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചു.
എന്നാൽ കമ്പനിയുടെ ഈ പ്രഖ്യാപനം സോഷ്യൽമീഡിയയിൽ പലരെയും ഞെട്ടിച്ചിരിക്കുകയാണ്, ചിലർ തങ്ങളുടെ ജോലിസ്ഥലത്തും ഇത് വേണമെന്ന് ആഗ്രഹിച്ചപ്പോൾ, മറ്റുള്ളവർ ഇത് എല്ലാ കമ്പനികൾക്കും അനുയോജ്യമല്ലെന്ന് അഭിപ്രായപ്പെട്ടു.
ജീവനക്കാരുടെ ക്ഷേമവും തൊഴിൽ-ജീവിത സന്തുലിതാവസ്ഥയും ഇന്ത്യയിലെ പല സ്റ്റാർട്ടപ്പുകളും ഇന്ന് ഏറെ പരിഗണന നൽകുന്ന വിഷയമാണ്. അടുത്തിടെ മറ്റൊരു കമ്പനിയായ ‘സെരോധ’ വൈകുന്നേരം ആറ് മണിക്ക് ശേഷം ജോലി സംബന്ധമായ സന്ദേശങ്ങൾ ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. സിഇഒ പങ്കുവച്ച കുറിപ്പ് അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു.
Also Read: എന്താണ് ദുൽഖർ പറഞ്ഞ ‘supercalifragelisticexpialidocious?’