യൂറോപ്പിലെ വശ്യസുന്ദരമായ മഞ്ഞുകാഴ്ചകളില്‍ ആകൃഷ്ടരാവാത്ത ആരുണ്ട്? ഒരിക്കലെങ്കിലും അവിടെയൊക്കെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും.
മഞ്ഞിന്റെ കാഴ്ചകള്‍ ഇന്ത്യയിലും കുറവല്ല. കാശ്മീര്‍ മുതല്‍ ഹിമാചല്‍ പ്രദേശ് വരെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മഞ്ഞുവീഴ്ചയുടെ കാലമാണിത്. ശ്രീനഗറിലെ ദാല്‍ തടാകം മുതല്‍ ഹിമാചല്‍ പ്രദേശിലെ മണാലി വരെയുള്ള മഞ്ഞുമൂടിയ ഭൂപ്രദേശങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിറയുകയാണ്.
ഇത്തരം നിരവധി ദൃശ്യങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയും പങ്കുവച്ചിട്ടുണ്ട്. മഞ്ഞമൂടിയ സ്‌റ്റേഷനുകളിലൂടെയും ട്രാക്കുകളിലൂടെയും ട്രെയിനുകള്‍ കടന്നുപോകുന്ന, ഇന്ത്യന്‍ റെയില്‍വേ പങ്കുവച്ച മനോഹരമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയുടെ മനംകവര്‍ന്നു കഴിഞ്ഞു.
ജമ്മു കശ്മീര്‍ ബാരാമുള്ളയിലെ സദുര റെയില്‍വേ സ്റ്റേഷനിലേക്കു ട്രെയിന്‍ പ്രവേശിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് മഞ്ഞുകാലം ട്രെയിന്‍ സര്‍വിസുകളെ തടസപ്പെടുത്തുന്നില്ലെന്ന് കാണിച്ചുതരികയാണ് റെയില്‍വേ മന്ത്രാലയം.
യുനെസ്‌കോ പൈതൃക പദവി നല്‍കിയ മനോഹരമായ കല്‍ക്ക-ഷിംല റെയില്‍ പാതയില്‍നിന്നുള്ള മറ്റൊരു വിഡിയോയും മന്ത്രാലയം ഷെയര്‍ ചെയ്തിട്ടുണ്ട്. താരാദേവി സ്റ്റേഷനു സമീപമുള്ള 91-ാം നമ്പര്‍ തുരങ്കത്തിലൂടെ ടോയ് ട്രെയിന്‍ കടന്നുപോകുന്നതാണു ദൃശ്യത്തിലുള്ളത്.
ട്രെയിന്‍ സര്‍വിസുകളെ ബാധിക്കാതിരിക്കാനും സുഗമമായ യാത്ര ഉറപ്പുവരുത്താനും ബാനിഹാളിലെ മഞ്ഞുമൂടിയ ട്രാക്കുകളില്‍നിന്ന് തടസം നീക്കുന്ന ഒരു ചെറിയ വിഡിയോ കേന്ദ്ര റെയില്‍വേ സഹമന്ത്രി റാവുസാഹേബ് പാട്ടീല്‍ ദാന്‍വെ പങ്കിട്ടു.
കശ്മീരില്‍നിന്നുള്ള വിഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ, കാ്‌ഴ്ചകള്‍ ഇന്ത്യയില്‍ നിന്നുള്ളതാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണു പലരും അഭിപ്രായപ്പെടുന്നത്. ‘ഒരു യൂറോപ്യന്‍ രാജ്യം പോലെ തോന്നുന്നു,’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘ഇതൊരു സ്വര്‍ഗീയ അനുഭവമാണ്,’ എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
വിവിധ പര്‍വതമേഖലകളില്‍ പുതിയ മഞ്ഞുവീഴ്ച ലഭിച്ചതിനാല്‍, ഉത്തരേന്ത്യയിലുടനീളം വീണ്ടുമൊരു ശീതരംഗരംഗത്തിനു സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
Also Read: കനാലില്‍നിന്ന് പുറത്തുകടക്കാനാവാതെ ആനക്കൂട്ടം; രക്ഷകരായി വനപാലകര്‍