രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാതി-മത-ലിഗം-വർണ ഭേദമന്യേ പ്രതിഷേധിക്കുമ്പോൾ അതിനൊപ്പം ചേർന്ന കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി കൂമ്പാറയിലെ ഒരുകൂട്ടം കുരുന്നുകളെ കഴിഞ്ഞ ദിവസം കേരളം കണ്ടിരുന്നു. ഇന്ന് മറ്റൊരു കൊച്ചുമിടുക്കനാണ് പൗര്വത്വം തെളിയിക്കാന്‍ ഇന്ത്യയിലെ മുസല്‍മാന് മനസില്ലെന്ന് ആർജവത്തോടെ പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Read More: ‘പിറന്ന മണ്ണിൽ ജീവിക്കാൻ രേഖ വേണോ സർക്കാരേ’; പ്രതിഷേധിച്ച് കുരുന്നുകളും

പ്രതിഷേധങ്ങൾ അത്ര പെട്ടെന്ന് അവസാനിക്കില്ലെന്നും തീപ്പൊരികൾക്ക് തുടർച്ചയുണ്ടെന്നും തെളിയിക്കുന്ന വാക്കുകളാണ് ആ കുട്ടിയുടേത്.

“പെട്ടെന്ന് പുറപ്പെട്ട്, പെട്ടെന്ന് അവസാനിക്കുന്ന ഒരു സമരമല്ലിത്. രാജ്യത്തെ ഓരോ ജനങ്ങൾക്കും വേണ്ടിയുള്ള സമരമാണിത്. നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കൽ കർഷകരുടെ പ്രശ്നങ്ങൾ​ എന്നിവ മൂടിവയ്ക്കാൻ വേണ്ടി ചില വൈകാരിക പ്രശ്നങ്ങൾ എടുത്തിടുകയാണ് ചെയ്യുന്നത്. ഇവർക്കിത് പറയാൻ തീരെ അവകാശമില്ല. നിങ്ങൾ പൗര്വത്വം ചോദിക്കുന്നു. നിങ്ങൾ ആരോടാണ് പൗര്വത്വം ചോദിക്കുന്നത്? ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയ പാരമ്പര്യമുള്ള നിങ്ങളല്ലേ ഈ പൗര്വത്വം ചോദിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത നിങ്ങളാണ് പൗര്വത്വം ചോദിക്കുന്നത്. പൗര്വത്വം തെളിയിക്കാന്‍ ഇന്ത്യയിലെ മുസല്‍മാന് മനസില്ലെന്നു മാത്രമേ എനിക്ക് പറയാനുള്ളൂ,” രാജ്യത്തിന്റെ നിലനിൽപ്പിന്റെ തന്നെ പ്രശ്നമായി മാറിയ ഈ സമരം അത്ര പെട്ടെന്ന് അവസാനിക്കുന്നില്ലെന്നും ആ കൊച്ചു മിടുക്കൻ പറയുന്നു.

“പിറന്ന മണ്ണിൽ ജീവിക്കാൻ… പിറന്ന മണ്ണിൽ മരിക്കാനായി… പൗരനായി ജീവിക്കാൻ രേഖ വേണോ സർക്കാരേ” എന്ന് ചോദിക്കുന്ന കുട്ടികളുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്. അവരുടെ ആവശ്യം പൗരത്വ നിയമം പിൻവലിക്കുക എന്നതാണ്. ഇത് തങ്ങളുടെ പ്രതിഷേധമാണെന്നും എല്ലാ നാട്ടുകാരും പ്രതിഷേധിക്കണമെന്നും കുട്ടികൾ മുദ്യാവാക്യം വിളിക്കുന്നുണ്ട്. പിന്നീട് പൗരത്വ ഭേദഗതി നിയമത്തിന്റെ പകർപ്പ് കുട്ടികൾ കത്തിക്കുന്നതും കാണാം. അതിന് പിന്നാലെയാണ് മറ്റൊരു കൊച്ചു കുട്ടി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook