അതീവ ദുര്‍ഘട സാഹചര്യങ്ങളിലും പ്രതികൂല കാലാവസ്ഥയിലും രക്ഷാദൗത്യങ്ങള്‍ നടത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ മിടുക്ക് തര്‍ക്കമില്ലാത്തതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സൈന്യം പലതവണ ഇന്ത്യന്‍ ജനതയുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി സൈന്യം ഒരിക്കല്‍ കൂടി മികവ് തെളിയിച്ചപ്പോള്‍ നിറഞ്ഞ മനസോടെ കയ്യടിക്കുകയാണു സോഷ്യല്‍ മീഡിയ.
കുഴല്‍ക്കിണറില്‍ വീണ ഒന്നര വയസുകാരൻ ശിവത്തെ 45 മിനുറ്റ് കൊണ്ടാണ് കരസേനാ സംഘം രക്ഷപ്പെടുത്തിയത്. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണു സംഭവം. കിണറില്‍ 300 അടി താഴെയാണു കുട്ടി കുടുങ്ങിക്കിടന്നത്.
ദുദാപുര്‍ ഗ്രാമത്തിലെ ഫാമില്‍ കളിക്കുന്നതിനിടെ ചൊവ്വാഴ്ച രാത്രി എട്ടോടെയാണു ശിവം കുഴക്കിണറില്‍ വീണത്. കുട്ടിയുടെ മാതാപിതാക്കള്‍ ഈ ഫാമിലാണു കൂലിപ്പണി ചെയ്യുന്നത്. കുട്ടി വീണ കാര്യം ഉടന്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. തുടര്‍ന്ന് അധികൃതര്‍ ധ്രംഗധ്രയിലെ കരസേനാ ക്യാമ്പിന്റെ സഹായം തേടുകയായിരുന്നു. സൈന്യത്തിന്റെ ഒരു സംഘം ഉടന്‍ സംഭവസ്ഥലത്തേക്കു കുതിച്ചു.
രക്ഷാപ്രവര്‍ത്തനം അല്‍പ്പം ദുഷ്‌കരമായിരുന്നെങ്കിലും സൈനികസംഘത്തിന്റെ വൈദഗ്ധ്യം വെല്ലുവിളി മറികടക്കുകയായിരുന്നു. കയറില്‍ കെട്ടിയ ലോഹക്കൊളുത്ത് ഭദ്രമായി വസ്ത്രത്തില്‍ കുരുക്കിയാണു സൈനിക സംഘം കുട്ടിയെ മുകളിലേക്കു വലിച്ചെടുത്തത്.
അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സൈന്യത്തെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി ഉള്‍പ്പെടെയുള്ള നിരവധി പേര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പങ്കുവച്ചു. ”രാജ്യത്തോടുള്ള നമ്മുടെ സൈനികരുടെ അര്‍പ്പണബോധത്തിനും പ്രതിബദ്ധതയ്ക്കും സല്യൂട്ട്. അവരാണ് നമ്മുടെ യഥാര്‍ത്ഥ വീരന്മാര്‍,” പ്രഹ്‌ളാദ് ജോഷി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, തുറന്ന കുഴല്‍ക്കിണറുകള്‍ സുരക്ഷിതമാക്കാത്തവരില്‍നിന്ന് പിഴ ഈടാക്കണമെന്നു നിരവധി പേര്‍ ആവശ്യപ്പെട്ടു.
Also Read: അതിക്രമിച്ച് കൂട്ടിനടുത്തെത്തിയ സന്ദര്‍ശകനെ കാലില്‍ പിടികൂടി വലിച്ചെടുത്ത് ഒറാങ്ങുട്ടാന്‍; വീഡിയോ