ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിന മൽസരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ മികവിലാണ് ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചത്. റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ചായിരുന്നു കോഹ്‌ലിയുടെ പ്രകടനം. ദക്ഷിണാഫ്രിക്കയിലെ ഈ സെഞ്ചുറിയോടെ അപൂര്‍വ്വമായ ഒരു സമ്പൂര്‍ണ്ണ സെഞ്ചുറി റെക്കോർഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. താന്‍ കളിച്ച വിദേശ രാജ്യങ്ങളിലെല്ലാം സെഞ്ചുറി പൂര്‍ത്തിയാക്കിയിരിക്കുകയാണ് കോഹ്‌ലി.

സച്ചിന്‍ തെൻഡുല്‍ക്കര്‍, സനത് ജയസൂര്യ തുടങ്ങിയ മഹാരഥന്മാര്‍ക്കൊപ്പമാണ് ഇപ്പോള്‍ കോഹ്‌ലിയുടെ റെക്കോർഡ് ബുക്കിലെ സ്ഥാനം. സച്ചിനും ജയസൂര്യയും ഒമ്പത് രാജ്യങ്ങളിൽ സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാല്‍ സച്ചിന് വെസ്റ്റ് ഇന്‍ഡീസിലും ജയസൂര്യക്ക് സിംബാബ്‌വേയിലും സെഞ്ചുറി നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ കളിച്ച എല്ലാ രാജ്യങ്ങളിലും സെഞ്ചുറി നേടിയാണ് കോഹ്‌ലി തന്റെ സമ്പൂര്‍ണ്ണ സെഞ്ചുറി പ്രകടനം നടത്തിയത്.

എന്നാല്‍ നേട്ടങ്ങള്‍ക്കിടിയിലും കോഹ്‌ലിയെ ട്രോളിയാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞത്. അതിന് കാരണമായത് ഒരു റണ്‍ ഔട്ടും. ഔട്ടായത് ശിഖര്‍ ധവാനും. മികച്ച പ്രകടനത്തോടെ 35 റണ്‍സെടുത്ത് നില്‍ക്കവെയാണ് ധവാന്‍ ഔട്ടായത്.

13-ാം ഓവറിലാണ് സംഭവവവികാസങ്ങള്‍. ക്രിസ് മോറിസിന്റെ പന്ത് ധവാന്റെ പാഡില്‍ തട്ടിയതോടെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അപ്പീല്‍ മുഴക്കി. ഒരു നിമിഷം പകച്ചുനിന്ന ധവാനോട് ഓടിക്കൊളളാന്‍ കോഹ്‌ലി ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാല്‍ ഓടിയെത്താന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടും ധവാന്‍ ഓടി. എന്നാല്‍ എയ്ദന്‍ മാര്‍ക്രം പന്ത് കൃത്യമായി സ്റ്റംപില്‍ എറിഞ്ഞ് കൊളളിച്ചു.

തന്റെ പ്രതിഷേധം കോഹ്‌ലിയെ അറിയിച്ചാണ് ധവാന്‍ ഡ്രസിങ് റൂമിലേക്ക് പോയത്. ഇത് രണ്ടാം തവണയാണ് ഏകദിനത്തില്‍ ധവാന്‍ റണ്‍ ഔട്ട് ആവുന്നത്. രണ്ട് തവണയും കൂടെ ഉണ്ടായിരുന്നത് കോഹ്‌ലി തന്നെയായിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ കോഹ്‌ലിയെ ട്രോളി പോസ്റ്റുകള്‍ നിറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook