പുല്‍വാമയിലെ ഭീകരാക്രമണത്തിന് മറുപടി നല്‍കി ഇന്ത്യ. പാക് അതിര്‍ത്തി കടന്ന് ബാലാകോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന ക്യാംപ് തകര്‍ത്തതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും ആക്രമണമുണ്ടായതെന്നും ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ നടത്തിയത് സൈനിക ആക്രമണമല്ലെന്നും പ്രതിരോധ നീക്കം മാത്രമാണെന്നും ഗോഖലെ വ്യക്തമാക്കി.

രാവിലെ ഇന്ത്യയുടെ തിരിച്ചടി വാര്‍ത്ത പുറത്ത് വന്നതു മുതല്‍ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ചു കൊണ്ട് പല മേഖലകളില്‍ നിന്നുള്ളവരാണ് രംഗത്തെത്തുന്നത്. ഇതിനിടെ ഇന്ത്യയുടെ വ്യോമാക്രമണത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന അജയ് കുശ്വാഹ എന്ന വ്യക്തിയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേര്‍ ഇതേറ്റ് പിടിക്കുകയായിരുന്നു.

പിന്നീട് ഇതേ വീഡിയോ തന്നെ പാക് വ്യോമസേന ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നുവെന്ന തരത്തില്‍ പാക്കിസ്ഥാന്‍ സ്വദേശികളും ട്വീറ്റ് ചെയ്തു. ഇതോടെ ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരും ഒരുപോലെ വീഡിയോ പ്രചരിപ്പിക്കാന്‍ തുടങ്ങി. പിന്നാലെ ഇരു വ്യോമസേനകളും തമ്മില്‍ വച്ച് ആകാശത്ത് ആക്രമണമുണ്ടായി എന്ന സൂചനയാണ് വീഡിയോ നല്‍കുന്നതെന്ന് പ്രതിരോധ വിദഗ്ധനായ അഭിജിത്ത് ട്വീറ്റ് ചെയ്യുകയുണ്ടായി. ഇതോടെ വീഡിയോയുടെ ഐഡന്റിറ്റിയെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നു.

പിന്നാലെ, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ വളരെ പഴയതാണെന്ന് അവകാശപ്പെട്ട് മറ്റ് ചിലരും രംഗത്തെത്തുകയായിരുന്നു. 2016 ഓഗസ്റ്റ് 14 ന് നടന്ന പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി വ്യോമസേന നടത്തിയ പ്രകടനത്തിന്റെ വീഡിയോയാണ് ഇതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വെളിപ്പെടുത്തലുകള്‍. 2016 സെപ്റ്റംബര്‍ 23 ന് ഇതേ വീഡിയോ തന്നെ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതായി കാണാന്‍ സാധിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ വ്യോമസേനയുടേതാണ് വീഡിയോയെന്നാണ് യൂട്യൂബിലെ പോസ്റ്റില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook