ചെസ് ഒളിംപ്യാഡിൽ നാടകീയവും വിവാദപരവുമായ ഫൈനലിനൊടുവിൽ ഇന്ത്യയെയും റഷ്യയെയും സംയുക്ത സ്വർണ്ണ മെഡൽ ജേതാക്കളായി തിരഞ്ഞെടുത്തു. ഈ തീരുമാനം വ്യക്തമാക്കുന്ന ഔദ്യോഗിക പ്രസ്താവന ഉടൻ പുറത്തിറക്കുമെന്ന് അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (എഫ്ഐഡിഇ) അറിയിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിശ്വനാഥൻ ആനന്ദ്, കൊനേരു ഹംപി, ആർ പ്രഗ്ഗനാഥ തുടങ്ങിയവരാണ് ഇത്തവണത്തെ ചെസ് ഒളിംപ്യാഡിൽ പങ്കെടുത്തത്.

ഇത്തവണ ഓൺലൈൻ ഫോർമാറ്റിലായിരുന്നു ചെസ് ഒളിംപ്യാഡിലെ മത്സരങ്ങൾ. ഇതാദ്യമായാണ് ഒളിമ്പ്യാഡ് ഒരു ഓൺലൈൻ ഫോർമാറ്റിൽ നടത്തിയത്.

ഫൈനലിൽ ആദ്യം റഷ്യയെ വിജയികളായി പ്രഖ്യാപിച്ചിരുന്നു. രണ്ട് ഇന്ത്യൻ കളിക്കാർ സമയത്തിന് നീക്കം നടത്താൻ പരാജയപ്പെട്ടതോടെയായിരുന്നു ഇത്. എന്നാൽ സെർവറുമായുള്ള ഇന്റർനെറ്റ് കണക്ഷൻ നഷ്ടപ്പെട്ടതാണ് ഇതിന് കാരണമെന്ന് ഇന്ത്യൻ കളിക്കാർ അറിയിച്ചു. റഷ്യയെ വിജയികളായി പ്രഖ്യാപിച്ച വിവാദ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

Read More: ഇതിഹാസങ്ങളുടെ ചെസ് ടൂര്‍ണമെന്റില്‍ ആനന്ദിന് മൂന്നാം തോല്‍വി

ആദ്യ ഫലത്തിനെതിരെ ഇന്ത്യ ഔദ്യോഗികമായി അപ്പീൽ നൽകിയ ശേഷം, പ്രശ്നം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എഫ്ഐഡിഇ അറിയിച്ചിരുന്നു. ആദ്യ ഫലം വന്ന് ഒരു മണിക്കൂറിനുശേഷം, എഫ്ഐഡിഇ പ്രസിഡന്റ് അർക്കാഡി ഡ്വോർകോവിച്ച് ഇരു ടീമുകൾക്കും സ്വർണ്ണ മെഡലുകൾ നൽകാൻ തീരുമാനമെടുത്തതായി ഫെഡറേഷൻ അറിയിച്ചു.

ഇന്ത്യയുടെ നിഹാൽ സരിനും ദിവ്യ ദേശ്മുഖിനുമാണ് സെർവറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ആ സമയത്ത് അവർ പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു. അവസാന റൗണ്ടിൽ കണക്ഷൻ നഷ്ടപ്പെടുന്നതിന് മുമ്പ് ദേശ്മുഖ് വിജയത്തോട് അടുത്ത നിലയിലായിരുന്നു.

Read More: മുൻ ലോകചാംപ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ പത്തൊൻപതുകാരി വൈശാലി

ഫൈനലിൽ ആദ്യ റൗണ്ട് 3-3ന് അവസാനിച്ചിരുന്നു. സരിനും ദേശ്മുഖും കൃത്യസമയത്ത് തോറ്റതായി പ്രഖ്യാപിക്കുന്നതു വരെ രണ്ടാം റൗണ്ടും സമനിലയിലായിരുന്നു തുടർന്നുകൊണ്ടിരുന്നത്. എന്നാൽ ഇവർ തോറ്റതായി പ്രഖ്യാപിച്ചതോടെ റഷ്യയെ സ്വർണമെഡൽ ജേതാക്കളായി ഫെഡറേഷൻ പ്രഖ്യാപിക്കുകയായിരുന്നു.

അർമേനിയയ്‌ക്കെതിരായ ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ വിജയവുമായി ബന്ധപ്പെട്ടും സെർവർ തകരാറിനെക്കുറിച്ചുള്ള സമാനമായ പരാതികൾ ഉയർന്നിരുന്നു. ഇന്റർനെറ്റ് കണക്ഷൻ നഷ്ടപ്പെട്ടതായി അർമേനിയൻ കളിക്കാർ അപ്പീൽ നൽകിയിരുന്നുവെങ്കിലും ഫെഡറേഷൻ അപ്പീൽ നിരസിച്ചിരുന്നു. സെമിഫൈനലിൽ പോളണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ ഞായറാഴ്ചത്തെ ഫൈനലിന് യോഗ്യത നേടിയത്.

Read More: India, Russia announced joint winners of Chess Olympiad after controversial finish

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook