ഒരു വീട്ടിലെ അടുക്കള ഒരു രാജ്യത്തും കിടപ്പുമുറി മറ്റൊരു രാജ്യത്തുമായാലോ? അതെങ്ങനെയെന്ന് അതിശയിക്കേണ്ട. നാഗാലാൻഡിലെ ലുംഗ്വ ഗ്രാമത്തിലെ ചില വീടുകൾ ഇങ്ങനെയാണ്. ഇന്ത്യയുടേയും മ്യാൻമറിന്റേയും അതിർത്തി ഗ്രാമമാണ് ലുംഗ്വ. ഈ ഗ്രാമത്തിലെ ചില വീടുകളാണ് രണ്ടു രാജ്യങ്ങളിലായി കിടക്കുന്നത്.

കോൻയക് എന്ന ഗോത്ര വിഭാഗത്തിലുള്ളവരാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. പലരും താമസിക്കുന്നത് ഒരു രാജ്യത്തെങ്കിൽ എന്നും ജോലിക്ക് പോകുന്നത് വേറെ രാജ്യത്ത്! ഇന്തോ-മ്യാൻമർ ബോർഡർ ലൈൻ ഗ്രാമത്തിന്റെ നടുവിലൂടെയാണ് കടന്നുപോകുന്നത്. അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന ഗ്രാമത്തിന്റെ പലഭാഗത്തും വീടുകളെ വിഭജിച്ചാണ് ഈ ബോർഡർ ലൈൻ. അതുകൊണ്ടുതന്നെ ഇവിടുത്തെ ജനങ്ങൾക്ക് ഇരു രാജ്യങ്ങളുടേയും പൗരത്വവുമുണ്ട്. കോൻയക് ഗോത്രത്തലവനായ അംഗിന്റെ വീടിന്റെ നടുവിലൂടെയാണ് അന്താരാഷ്ട്ര ബോർഡർ ലൈൻ ഉള്ളത്. നിലവിലെ ഗോത്രത്തലവന്റെ 60 ഭാര്യമാരും കുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത് ഇരു രാജ്യത്തായാണ്.

ഗ്രാമത്തലവന്റെ വീട്. കടപ്പാട്: ദി ഡെയ്‌ലി മോസ്

ഗ്രാമത്തലവന്റെ വീട്. കടപ്പാട്: ദി ഡെയ്‌ലി മോസ്

1963 വരെ ഇവിടെ കോൻയക് ഗോത്രക്കാരുടെ അധീനതയിലായിരുന്നു. പിന്നീട് ഇന്ത്യയും മ്യാൻമറും അതിർത്തി തിരിച്ചപ്പോഴാണ് തങ്ങൾ ഇരു രാജ്യങ്ങളിലായാണ് കഴിയുന്നതെന്ന് ഇവർ അറിയുന്നത്. മുൻപ് യുദ്ധത്തിൽ തോൽപിക്കുന്ന എതിരാളികളുടെ തല അറുത്തു മാറ്റുന്ന ശീലമുള്ള ഈ ഗോത്രവിഭാഗത്തെ ‘തലവേട്ടക്കാർ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കൃഷിയും കച്ചവടവുമാണ് ഇവരുടെ പ്രധാന വരുമാനമാർഗം.

ലുംഗ്വയിലുള്ള അതിർത്തി സ്‌തൂപം കടന്ന് മ്യാൻമറിലെ പങ്ക്മേയ് എന്ന സ്ഥലത്താണ് ഗ്രാമവാസികൾ കച്ചവട ആവശ്യത്തിനും മറ്റുമായി പോകുന്നത്. ഗ്രാമം ഇരു രാജ്യങ്ങളിലായാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവിടെയുള്ളവർ ഒത്തൊരുമയോടെയാണ് കഴിയുന്നത്. രാജ്യം ഏതായാലും മനുഷ്യർ എല്ലാം ഒന്നാണല്ലോ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ