ഗുരുദാസ്പൂര്‍: പഞ്ചാബില്‍ ഗുരുദാസ്പൂരില്‍ 1.93 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ കുമാര്‍ ജാഖര്‍ വിജയം പിടിച്ചെടുത്തത്. അന്തരിച്ച ബിജെപി സ്ഥാനാര്‍ത്ഥി 1.35 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നേരത്തേ വിജയിച്ചത്. എന്നാല്‍ ഇതിനേക്കാളും തിളക്കമേറിയ വിജയമാണ് കോണ്‍ഗ്രസ് നേടിയത്.

വികസനത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി ബിജെപിക്ക് എതിരെ കോണ്‍ഗ്രസ് നടത്തിയ പ്രചരണവും ബിജെപി സ്ഥാനാര്‍ത്ഥിക്ക് എതിരായ ലൈംഗിക ആരോപണവും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല ചലനമുണ്ടാക്കി. വോട്ടെടുപ്പ് നടക്കുന്നതിനിടയിലും ബിജെപി സ്ഥാനാര്‍ത്ഥി സ്വാരന്‍ സലേരിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

സലേരിയ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒരു യുവതിയാണ് രംഗത്തെത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥിയായ സ്വാരന്‍ സലേരിയ ലൈംഗികമായി ചൂഷണം ചെയ്തെന്ന് യുവതി സുപ്രിംകോടതിയില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കാട്ടിയാണ് യുവതിയുടെ പരാതി.

കൂടാതെ ബിജെപി സ്ഥാനാര്‍ത്ഥിയോട് അടുത്തിടപഴകുന്ന ചിത്രങ്ങളും യുവതി പുറത്തുവിട്ടു. കഴിഞ്ഞയാഴ്ച്ച പുറത്തുവിട്ട ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയതോടെ സ്ഥാനാര്‍ത്ഥി വെട്ടിലായി. കൂടാതെ വോട്ടെടുപ്പ് നടന്ന ദിവസവും സ്ഥാനാര്‍ത്ഥിയുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചു. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരണത്തിനായി ഇത് ഏറ്റെടുത്തിരുന്നു.

ബിജെപി വിരുദ്ധ അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. 1982 മുതല്‍ 2014 വരെ സലേരിയയും താനും തമ്മില്‍ ബന്ധമുണ്ടെന്നും തന്നെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ 2014ല്‍ തന്നെ വിവാഹ കഴിക്കാന്‍ സാധിക്കില്ലെന്ന് സലേരിയ അറിയിക്കുകയായിരുന്നു.

തന്നെ 32 വര്‍ഷക്കാലമാണ് ബിജെപി നേതാവ് പീഡിപ്പിച്ചതെന്ന് മുംബൈ സ്വദേശിനിയായ 45കാരി ആരോപിച്ചു. ആദ്യം തന്നെ ഒരു വീട്ടില്‍ ഗസ്റ്റായി താമസിപ്പിച്ച സലേരിയ പിന്നീട് ഒരു ഫ്ലാറ്റ് താമസിക്കാന്‍ ഒരുക്കി കൊടുത്തതായും യുവതി പറയുന്നു. എന്നാല്‍ മുംബൈ സ്വദേശിയും ബിസിനസുകാരനുമായ ബിജെപി നേതാവ് ആരോപണം നിഷേധിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ ഇത് തുണച്ചില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ