മലപ്പുറം: അല്ലെങ്കിലും മലപ്പുറത്തുകാർ അങ്ങനെയാണ്. മനുഷ്യബന്ധങ്ങളും സ്നേഹവും കഴിഞ്ഞേ ഉള്ളൂ അവർക്ക് ജാതിയും മതവും എല്ലാം. ഇതിനെല്ലാം ധാരാളം ഉദാഹരണങ്ങളുണ്ടാകും പലർക്കും ചൂണ്ടിക്കാണിക്കാൻ. ഇപ്പോഴിതാ മലപ്പുറത്തിന്റെ സാമുദായിക സൗഹാർദത്തിന് മറ്റൊരു ഉദാഹരണം കൂടി.

തിരൂര്‍ പുറത്തൂര്‍ സ്വദേശികളായ മേപ്പറമ്പത്ത് അനില്‍കുമാര്‍ രമ്യ ദമ്പതികളുടെ നാലു മാസം പ്രായമുളള കുഞ്ഞിന്റെ ചികിത്സയ്ക്കായി സഹായത്തിന് മുന്നിട്ടിറങ്ങിയത് പുറത്തൂര്‍ ജുമാ മസ്ജിദ് കമ്മിറ്റിയാണ്. പുറത്തൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു അനില്‍കുമാര്‍. പൂജയില്‍ നിന്നുളള ചെറിയ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍ അനില്‍കുമാര്‍ രമ്യ ദമ്പതികളുടെ മകന്‍ അര്‍ജുന്‍ ജനിച്ചത് രോഗബാധിതൻ ആയിട്ടായിരുന്നു

ശ്വാസകോശം ചുരുങ്ങുന്ന അപൂര്‍വ രോഗമാണ് അര്‍ജുന്. ഇപ്പോള്‍ വാടക വീട്ടില്‍ താമസിക്കുന്ന ഇവർക്ക് താങ്ങായി രംഗത്തിറങ്ങിയിരിക്കുകയാണ് പുറത്തൂര്‍ ജുമഅത്ത് പളളി നൂറുല്‍ ഈമാന്‍ മദ്രസ കമ്മിറ്റി. കുഞ്ഞിന്റെ ചികിത്സയ്ക്കായി ആകെയുണ്ടായിരുന്ന എട്ട് സെന്റ് ഭൂമിയും വീടും അനില്‍കുമാര്‍ വിറ്റു. പണം തീര്‍ന്നപ്പോള്‍ ചികിത്സയും വഴിമുട്ടിയപ്പോഴാണ് അയല്‍ക്കാർ മഹല്ല് കമ്മിറ്റിയെ വിവരം അറിയിക്കുന്നത്.

കടപ്പാട്: കൈരളി ന്യൂസ് ഓൺലൈൻ

മലപ്പുറം ജില്ലയിലെ വിവിധ മഹല്ല് കമ്മിറ്റികള്‍ക്കും സമീപത്തെ പളളി ഖത്തീബുമാര്‍ക്കും മഹല്ല് കമ്മിറ്റി സഹായം അഭ്യര്‍ഥിച്ച് കത്ത് കൈമാറിക്കഴിഞ്ഞു. വെളളിയാഴ്ചകളില്‍ ജുമുഅ നിസ്‌കാരത്തിന് ശേഷം അര്‍ജുന്റെ ചികിത്സ സഹായ പിരിവും നടക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook