ജീവിതഗന്ധിയായ ഫ്രെയിമുകളില്‍ തീര്‍ക്കുന്ന കവിതകളാണ് കെ.ആര്.സുനിലിന്റെ ഫൊട്ടോകള്‍. കാലാന്തരങ്ങളും സംസ്കാരവും മനുഷ്യ ജീവിതങ്ങളുടെ മാറ്റങ്ങളും ഒപ്പിയെടുത്ത സുനിലിന്റെ വൈഡ് ഫ്രെയിമുകള്‍ ഫൊട്ടോഗ്രാഫി പ്രേമികള്‍ക്ക് സുപരിചിതമാണ്. ഫൊട്ടോഗ്രാഫുകള്ക്കായുള്ള തിരച്ചിലുകള്‍ക്കപ്പുറം അന്വേഷണങ്ങളും ഇടപെടലുകളും കൂടിയാണ് കെ.ആര്.സുനിലിന്റെ ജീവിതയാത്ര. അത്തരത്തിലൊരു ഒരു യാത്രയിലേക്ക് തുറന്നുപിടിച്ച ക്യാമറയാണ് കിരണ്‍ കേശവ് ആവിഷ്കരിച്ച ‘ഇന്‍ ഹിസ് പര്‍സ്യൂട്ട്’ എന്ന ഡോക്യുമെന്ററി.
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കേരളമാകെ അലയടിക്കുമ്പോഴാണ് സുനില്‍ പഴയൊരു കഥ ഓര്‍ത്തെടുക്കുന്നത്. ട്രക്ക് ഡ്രൈവറായ അച്ഛന് പറഞ്ഞ കഥകള്‍ കേട്ടാണ് തമിഴ്നാടുകാരനായ ഏഴാംക്ലാസുകാരന്‍ കേരളത്തെ കുറിച്ചറിയുന്നത്. കേരളവും കേരളത്തിലെ ഫുട്ബോള്‍ പ്രേമവുമൊക്കെ കേട്ടറിഞ്ഞ പയ്യന് അച്ഛനോടൊപ്പം കേരളത്തിലേക്ക് വരാന്‍ തീരുമാനിക്കുന്നു. നല്ല ബൂട്ടും ജഴ്സികളും ഒക്കെ വാങ്ങണം എന്ന ആഗ്രഹത്തിലായിരുന്നു യാത്ര. എന്നാല്‍ ഫുട്ബോള്‍ പ്രേമിയായ ആ പയ്യനുവേണ്ടി യാത്ര കരുതിവച്ചത് മറ്റൊന്നായിരുന്നു. കുതിരാനില്‍ മണ്ണിടിച്ചലില്‍ പെട്ട് അവന്റെ കാല് നഷ്ടപ്പെടുന്നു.
‘ഇന്‍ ഹിസ് പര്‍സ്യൂട്ട്’- ഡോക്യുമെന്ററി
ഓരോ ഫുട്ബോള്‍ കാലവും സുനിലിനെ കൊണ്ടുപോകുന്നത് വര്‍ഷങ്ങള്‍ മുന്‍പ് പത്രങ്ങളില്‍ വായിച്ചറിഞ്ഞ കുതിരാനിലെ ഈ വാഹനാപകടത്തിന്റെ വാര്‍ത്തയിലേക്കാണ്. ഓര്‍മകള്‍ അലോസരപ്പെടുത്തി തുടങ്ങിയപ്പോഴാണ് സുനില്‍ തന്റെ തിരച്ചില്‍ ആരംഭിക്കുന്നത്. ഊരും പേരും അറിയാത്ത തമിഴ് ബാലനുവേണ്ടിയുള്ള നീണ്ട അന്വേഷണം. കുതിരാനില്‍ നടന്ന ദുരന്തത്തിന്റെ ചിത്രത്തില്‍ നിന്ന് ആരംഭിക്കുന്ന തിരച്ചില്‍ പയ്യനെ ചികിത്സിച്ച ജൂബിലി മിഷന് ഹോസ്പിറ്റലും ചികിത്സിച്ച ഡോക്ടര്‍മാരും വഴി മധുരയില്‍ ചെന്നെത്തുന്നു.
Read More : കൊടുങ്ങല്ലൂർ ഭരണി : കെ ആര് സുനിലിന്റെ ചിത്രങ്ങള്‍
ഒരുപാട് കാലം നീണ്ട തിരച്ചിലിനൊടുവില്‍ മധുരയിലെത്തി പയ്യനുമായി കൂടിക്കാഴ്ച നടത്തുന്നയിടത്താണ് കഥ ഒടുക്കുന്നത്. ഫുട്ബോള്‍ ലോകകപ്പ് ജ്വരത്തിന്റെ കാലത്ത് കാല്പന്ത് പ്രേമത്തിന്റെയും വിധിയുടേയും സ്വപ്നങ്ങളുടെയും കഥ പറയുന്ന ‘ഇന്‍ ഹിസ് പര്‍സ്യൂട്ട്’ പകര്‍ത്തിയത് രാകേഷ് ആനന്ദും ആനന്ദു എസ്.മധുവും ചേര്‍ന്നാണ്.

കാലങ്ങള്‍ മുന്‍പ് മനസ്സില്‍ കുടുങ്ങിയ വാര്‍ത്തയിലെ പയ്യന് പറയാനുള്ളത് കേരളത്തിന്റെ നന്മയുടെ കഥകളാണ്. ആശുപതിയിലുള്ളപ്പോള് സ്നേഹവുമായി വന്ന അപരിചിതരും, അവര്‍ തന്ന സമ്മാനങ്ങളും അത്രയും കാലം ഭക്ഷണം തന്നെ തൃശൂരിലെ ഭരത് ഹോട്ടലും ഒക്കെയാണ് ഇപ്പോള്‍ കൊളേജിലെത്തിയ അവന്റെ ഓര്‍മ്മകള്‍. ഒരു കൃത്രിമകാൽ പിടിപ്പിക്കാനുള്ള അവന്റെ സ്വപ്നങ്ങളും അവന് പങ്കുവയ്ക്കുന്നു.
“എങ്കിലും കാല് വച്ചാല്‍ നിനക്ക് ആദ്യം കാണേണ്ടത് ആരെയാണ് ?” ഒടുവില്‍ യാത്ര മതിയാക്കി വഴിപിരിയുമ്പോള്‍ സുനില്‍ ചോദിച്ചു. ഒരു നിമിഷം കണ്ണടച്ച് തുറന്ന അവന് മറുപടി നേരത്തെ കാത്തുവച്ചിരുന്നു. “എനിക്ക് ആദ്യം കാണേണ്ടത് ഐ.എം.വിജയനെയാണ്.”
സംഗീത സംവിധായകന് ബിജിപാലിന്റെ ബോധി സൈലന്റ് സ്കേപ്സ് ആണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്. അഫ്സല്, ഘനശ്യാം എന്നിവര്‍ എഡിറ്റിങ് നിര്‍വഹിച്ച ഡോക്യുമെന്ററിയുടെ സംഗീതം നിര്‍വഹിച്ചത് നന്ദു കര്‍ത്തയും.