കൊച്ചി: വാക്‌സിനേഷനെ കുറിച്ചെഴുതിയ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വാക്‌സിനേഷന്റെ ആവശ്യകതയെ കുറിച്ചും അതിന്റെ പ്രധാന്യത്തെ കുറിച്ചുമാണ് സ്വന്തം അനുഭവത്തിലൂടെ നേഹ ശശികുമാര്‍ വിവരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ച് ഒരു കുട്ടി മരിച്ചത്, വാക്‌സിന്‍ നല്‍കാത്തതു കാരണം ആണെന്ന വാര്‍ത്തയും ഫേസ്ബുക്ക് പോസ്റ്റിന് ആധാരമായിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ താന്‍ ആശുപത്രിയില്‍ പ്രവേശിച്ചതും തുടര്‍ന്നുണ്ടായ അനുഭവവും ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നുണ്ട്.

നേഹ ശശികുമാറിന്റെ കുറിപ്പ്

“ഇക്കഴിഞ്ഞ മാസമാണ്. ഒരാഴ്ചയോളമുള്ള തൊണ്ടവേദനയുമായി ഡോക്ടറെ കണ്ടപ്പോൾ ഡിഫ്ത്തീരിയയുടെ ലക്ഷണമാണ്, ഉടൻ മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആവണം എന്ന് പറഞ്ഞു. അന്നുതന്നെ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. എല്ലാ രോഗലക്ഷണങ്ങളോടും കൂടെ ആശുപത്രിയിൽ എത്തുമ്പോൾ ഡോക്ടർമാർ ആവർത്തിച്ചു ചോദിച്ചത് വാക്‌സിനേഷൻ എടുത്തിട്ടില്ലേ എന്നാണ്. എടുത്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ, അപ്പൊ പേടിക്കാനൊന്നുമില്ല ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവ് തന്നെയാവും തത്കാലം ലക്ഷണങ്ങളൊക്കെ ഉള്ളത് കൊണ്ട് ഇവിടെ അഡ്മിറ്റാവണമെന്നും ക്ലിനിക്കലി ഡയഗ്നോസ്ഡ് ആണെന്നതിനാൽ ഒരാഴ്ച്ച ഐസൊലേഷൻ വാർഡിൽ കിടക്കേണ്ടി വരുമെന്നും അറിയിച്ചു.

ഐസൊലേഷൻ വാർഡിൽ കിടന്നപ്പോളുണ്ടായ ഒരനുഭവമുണ്ട്. ഞങ്ങളെത്തി രണ്ട് ദിവസങ്ങൾക്ക് ശേഷം മറ്റൊരു ഡിഫ്ത്തീരിയ പേഷ്യന്റ് കൂടെ വന്നിരുന്നു. ഡിഫ്ത്തീരിയ പോസിറ്റീവും, രോഗം മൂർച്ഛിച്ച നിലയിലുമായിരുന്ന ആ പതിനെട്ടു വയസ്സുകാരന്റെ അവസ്ഥ കണ്ട് ഭയന്നു. വാക്‌സിനേഷൻ എടുത്തിട്ടില്ലേ എന്ന ചോദ്യത്തിന് ഇല്ല, ഭർത്താവിന്റെ വീട്ടുകാർ സമ്മതിച്ചില്ല എന്നാണ് അവന്റെ ഉമ്മ പറഞ്ഞത്.ഇത് വരെ ഒന്നും എടുത്തിട്ടില്ലേന്ന് തിരക്കിയപ്പോൾ അവരറിയാതെ ഇടക്ക് എടുത്തിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തു.

Read More: വാക്സിനേഷൻ: കേരളത്തിന്റെ തീരൂമാനം ഭാവനാശൂന്യമോ?

അവരുടെ കൂടെ ആ പയ്യന്റെ അനിയത്തിയും ഉണ്ടായിരുന്നു. ഏഴോ എട്ടോ വയസ്സ് കാണും. ഐസൊലേഷൻ വാർഡാണ്‌ കുട്ടികളെ നിർത്തുന്നത് പ്രശ്നമാവും എന്ന് പറഞ്ഞപ്പോൾ അവന്റെ ഉമ്മ പറഞ്ഞത് ഇവൾക്കിനി എല്ലാ കുത്തിവെപ്പും എടുക്കും, മതിയായി, ഇനി ഇങ്ങനൊന്നും വരാണ്ടിരിക്കട്ടെ എന്നാണ്. ഇപ്പോഴും വിളിച്ച് രോഗവിവരം അന്വേഷിക്കാറുണ്ട്. ഇടയ്ക്ക് നില വളരെ വഷളായെന്നും ഇപ്പോ വലിയ കുഴപ്പമൊന്നുമില്ലെന്നും പറഞ്ഞു.

വാക്‌സിനേഷന്റെ പ്രാധാന്യം ഇത്രത്തോളം മനസിലാക്കിയ മറ്റൊരു സന്ദർഭമുണ്ടായിട്ടില്ല. തൊണ്ടയിലൊരിറ്റ് വെള്ളമിറക്കാൻ പറ്റാതെ വേദന സഹിച്ച്‌ കിടക്കുമ്പോഴും ഇതതൊന്നുമല്ല എന്ന് ചിന്തിക്കാൻ, ആശ്വസിക്കാൻ ധൈര്യം തന്നതും ഞാൻ വാക്സിനേഷനെടുത്തിട്ടുണ്ടല്ലോ എന്ന ഒരുറപ്പാണ്.

Read More: നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കുക: ശബാന ആസ്മി എഴുതുന്നു

ഇന്ന് രാവിലെ ഡിഫ്ത്തീരിയ ബാധിച്ചു ആറുവയസ്സുകാരി മരിച്ച വാർത്തയറിഞ്ഞു, വാക്‌സിനേഷൻ എടുക്കാത്തതിനാലാണ് എന്നതും വായിച്ചു. മേല്പറഞ്ഞത് പോലെ രോഗം വന്നാലേ പഠിക്കൂ എന്ന അവസ്ഥയിലുള്ള ഒരാളെങ്കിലുമുണ്ടാവൽ ഏറെ മുന്നിലെന്ന് കരുതുന്ന ഒരു സമൂഹത്തിന് ഭൂഷണമല്ല. അങ്ങനൊരു വിഭാഗം കൂട്ടരുടെ അന്ധവിശ്വാസത്തിൽ നഷ്ടപെടുത്താൻ നമുക്ക് ജീവനുകളുമില്ല.

രോഗങ്ങളെ തുടച്ചു നീക്കാൻ, ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താൻ ആളുകളുടെ സഹകരണത്തോടെ ബോധവൽക്കരണം നടത്തുകയും സ്കൂൾ പ്രവേശനത്തിന് ദേശീയ പ്രതിരോധ പദ്ധതിയുടെ ഭാഗമായ വാക്‌സിനുകൾ നിർബന്ധമാക്കുകയും ചെയ്യണം. തൊണ്ടയിൽ പാട കെട്ടി, കഴുത്ത് വിങ്ങി, വെള്ളമിറങ്ങാതെ ജീവൻ പോകുന്ന കാലം കടന്ന് നാം പോവുകയും വേണം….”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook