ശബരിമലയില്‍ അയ്യപ്പഭക്തരെ പൊലീസ് മർദ്ദിക്കുന്നു എന്നു വ്യാജമായി പ്രചരിപ്പിച്ച് കലാപത്തിന് ആസൂത്രണം ചെയ്തവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കേരള പൊലീസ്. പൊലീസ് അയ്യപ്പ ഭക്തനെ ആക്രമിക്കുന്നെന്ന് പ്രചരിപ്പിക്കാനായി എടുത്ത ഫോട്ടോ എടുത്തവരെ പരിഹസിച്ച് കൊണ്ട് ഫെയ്സ്ബുക്കില്‍ ഒരു ട്രോളും പൊലീസ്  പോസ്റ്റ് ചെയ്തിട്ടുണ്ട്. വനത്തില്‍ നിന്ന് അയ്യപ്പവേഷത്തിലുള്ള ഒരാളെ പൊലീസ് ചവിട്ടുന്നതായും ക‍ഴുത്തില്‍ കത്തിവയ്ക്കുന്നതായുമുള്ള ഫോട്ടോഷൂട്ട് ചെയ്ത ഫോട്ടോകളാണ് ക‍ഴിഞ്ഞ ദിവസം പുറത്തു വന്നത്. ഡല്‍ഹി എംഎല്‍എ കപില്‍ മിശ്ര അടക്കമുളളവര്‍ ചിത്രം ട്വീറ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. നിരവധി സംഘപരിവാര്‍ പിന്തുണ പേജുകളിലും അക്കൗണ്ടുകളിലും ചിത്രം പ്രചരിക്കുകയും ചെയ്തു.

കറുപ്പ് വേഷത്തില്‍ തലയില്‍ ഇരുമുടി കെട്ടോടു കൂടിയുള്ള അയ്യപ്പഭക്തനെന്ന് തോന്നുന്ന ആളെ പൊലീസ് വേഷത്തിലുളളയാള്‍ മർദ്ദിക്കുന്നതായിരുന്നു ഫോട്ടോ. ശബരിമല മണ്ഡലകാലത്ത് ഇത്തരം നിരവധി ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസിനെതിരെ മാധ്യമങ്ങളേയും ജനങ്ങളേയും തിരിച്ചു വിട്ട് ക്രമസമാധാനം തകര്‍ക്കാനായിരുന്നു പദ്ധതി. ഇത് പൊളിച്ചടുക്കിയ പൊലീസ് വരും ദിവസങ്ങളില്‍ ഇത്തരം കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവരുമെന്ന സൂചന നല്‍കിയാണ് സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ കിടിലന്‍ ട്രോള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

ഇതോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയവരുടെ മണ്ടത്തരത്തേയും കേരളാ പൊലീസ് നന്നായി പരിഹസിക്കുന്നുണ്ട്. ഫോട്ടോ നന്നായി എന്നും എന്നാല്‍ 41 ദിവസം വ്രതമെടുത്ത അയ്യപ്പഭക്തന്‍റെ ക്ലീന്‍ ഷേവ് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. ഈ കണക്കിന് പോയാല്‍ നാളെ നിന്നെ പീരങ്കിയില്‍ ഉണ്ടായായും ഫോട്ടോ എടുക്കാം എന്നു കൂടി ചേർത്ത് ഒട്ടിച്ചാണ് ട്രോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിമിഷങ്ങള്‍കൊണ്ടാണ് ട്രോള്‍ വൈറലായി മാറിയത്. ശബരിമല പ്രശ്നം ഉയർന്ന് വന്നതോടെ നൂറുകണക്കിന് വ്യാജവാർത്തകളാണ് സംഘപരിവാർ പുറത്തിറക്കിയത്. ഇതിനെയെല്ലാം ഒറ്റ ട്രാൾ പോസ്റ്റുകൊണ്ട് തുറന്ന് കാട്ടിയിരിക്കുകയാണ് കേരള പൊലീസ്.

മാധ്യമപ്രവര്‍ത്തകനായ ബോബിന്‍ എബ്രഹാം ആയിരുന്നു ചിത്രം ഫോട്ടോഷൂട്ട് ചെയ്ത് ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്തിയത്. രാജേഷ് കുറുപ്പ് എന്നയാളാണ് ചിത്രത്തിലുളളതെന്നും അദ്ദേഹം വ്യക്തമാക്കി. മധു കൃഷ്ണ എന്നയാളാണ് ചിത്രം എടുത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ