വിമർശകരുടെ വായടപ്പിച്ച് ബിഗിൽ വൻ വിജയമായി മുന്നേറുമ്പോൾ, ദളപതി വിജയ്‌യുടെ ഒരു പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘കാതലുക്ക് മരിയാതൈ’ എന്ന ചിത്രത്തിലെ ‘എന്നെ താലാട്ട വരുവാളോ’ എന്ന പാട്ട് വിജയ് സ്റ്റേജിൽ പാടുന്ന പഴയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

1997ലാണ് ഫാസിൽ സംവിധാനം ചെയ്ത മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം അനിയത്തിപ്രാവിന്റെ തമിഴ് റീമേക്ക് ‘കാതലുക്ക് മര്യാതൈ’ പുറത്തിറങ്ങുന്നത്. മലയാളത്തിൽ കുഞ്ചാക്കോ ബോബൻ ചെയ്ത വേഷം തമിഴിൽ ചെയ്തത് വിജയ് ആയിരുന്നു. തമിഴ് സിനിമാ ചരിത്രത്തിലെ വലിയ വിജയമായി അത് മാറി. റൊമാന്റിക് ഹീറോ, ഇളയ ദളപതി എന്നെല്ലാം വിജയ്‌യെ വിളിക്കാൻ തുടങ്ങിയത് അക്കാലത്തായിരുന്നു. തമിഴിലും ചിത്രം സംവിധാനം ചെയ്തത് ഫാസിലായിരുന്നു.

Read More: ‘തൊടരുത്’,ആരാധികയോട് ദേഷ്യപ്പെട്ട് റാണു മണ്ഡല്‍; വിമര്‍ശനം

2000ൽ ഫാസിലിന്റെ സംവിധാനത്തിൽ വിജയ്‌യെ നായകനാക്കി ‘കണ്ണുക്കുൾ നിലവ്‌’ പുറത്തിറങ്ങിയത്. മനോഹരമായ പാട്ടുകൾ കൊണ്ട് സമ്പുഷ്ടമായ സിനിമ പക്ഷെ ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു.

ബാലതാരമായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച വിജയ് ഗായകനായും നിരവധി സിനിമകളിൽ തിളങ്ങിയിട്ടുണ്ട്. സച്ചിൻ എന്ന ചിത്രത്തിൽ വിജയ് പാ‍ടിയ ഗാനങ്ങൾ വിജയമായിരുന്നു. 2012ൽ ‘തുപ്പാക്കി’ എന്ന ചിത്രത്തിലും, 2013ൽ ‘തലൈവ’ എന്ന ചിത്രത്തിലും പാടി. 2014ൽ ജില്ലയിലെ ‘കണ്ടാങ്കി’ എന്നാരംഭിക്കുന്ന ഗാനം വിജയ് പാടി. 2014-ൽ പുറത്തിറങ്ങിയ കത്തിയിൽ ‘സെൽഫി പുളള’ എന്ന ഗാനത്തിലൂടെ വിജയ് ആരാധകരെ വീണ്ടും കയ്യിലെടുത്തു. ‘പുലി’, ‘തെരി’, ‘ഭൈരവ’ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ‘ബിഗിൽ’ എന്നീ ചിത്രങ്ങളിലും വിജയ് പാടിയിട്ടുണ്ട്.

1994ൽ​ പുറത്തിറങ്ങിയ ‘രസിഗൻ’ എന്ന ചിത്രത്തിലാണ് വിജയ് ആദ്യമായി പാടുന്നത്. ‘ബോംബൈ സിറ്റി’ എന്ന് തുടങ്ങുന്ന ഗാനം ചിത്രയോടൊപ്പം ആലപിച്ചു. എസ്‌പി.ബാലസുബ്രഹ്മണ്യം, സ്വർണലത, മനോരമ, സുജാത, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പമെല്ലാം വിജയ് പാടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook