ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ജയ ജയ ജയ ജയഹേ’. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ചിത്രത്തിലെ ഗാനം പ്രേക്ഷകർക്കിടയിൽ ജനകീയമായതു വഴി പ്രധാന കഥാപാത്രമായ ജയയും മനസ്സിൽ പതിഞ്ഞിരുന്നു. ബോക്സ് ഓഫീസ് റൊക്കോർടുകളെയെല്ലാം പിന്നിലാക്കി ചിത്രം 2023 ലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി. വ്യത്യസ്തമായ പ്രമേയവും അവതരണവും കൊണ്ട് ഒട്ടനവധി പ്രശംസകളും ചിത്രം വാരികൂട്ടി.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ രാജേഷും ജയയും ശ്രദ്ധിക്കപ്പെട്ടതു പോലെ തന്നെ ഭവാനിയമ്മയും പ്രേക്ഷക മനസ്സിലിടം നേടി. നിർബന്ധബുദ്ധിക്കാരനായ രാജേഷിനു എല്ലാ ദിവസവും ഇടിയപ്പമുണ്ടാക്കി കൊടുക്കുന്ന ഭവാനിയമ്മയുടെ നിസഹായത നിറഞ്ഞ മുഖം അത്ര വേഗമൊന്നും സിനിമാസ്വാദകരുടെ മനസ്സിൽ നിന്ന് മായില്ല. ഇടിയപ്പം പിഴിഞ്ഞ് വേദനയെടുത്ത കൈ സീരിയലു കാണുന്നതിനിടയിൽ കുഴമ്പിട്ട് തിരുമുന്ന ഭവാനിയെയും നമ്മൾ സ്ക്രീനിൽ കണ്ടതാണ്. എന്നാൽ ഇനി ഭവാനി അമ്മ വിഷമിക്കണ്ട പണി എളുപ്പമാക്കാൻ ഒരു ഇടിയപ്പ മെഷീൻ അങ്ങ് ചക്കാമ്പുഴയിലുണ്ട്.
കോട്ടയം ചക്കാമ്പുഴ സ്വദേശി മനോജ് തന്റെ വീട്ടിലുണ്ടാക്കിയതാണ് ഇടിയപ്പം എളുപ്പത്തിലുണ്ടാക്കുന്ന മെഷീൻ. സ്വിച്ചിട്ട് വെറുതെയൊന്ന് കറക്കി കൊടുത്താൽ മതി നല്ല പൂ പോലത്തെ ഇടിയപ്പമുണ്ടാക്കാം. ഈ വീഡിയോയ്ക്ക് താഴെ വരുന്നത് വളരെ രസകരമായ കമന്റുകളാണ്. രാജേഷിന്റെ രാജ്ഭവൻ വീട്ടിലേക്ക് ഇത് എത്തിക്കണമെന്നാണ് കമന്റ് ബോക്സിൽ ആളുകൾ പറയുന്നത്. രാജേഷിന്റെ ഇടിയപ്പം കൊതി തീർന്നിട്ടില്ലെങ്കിൽ ഭവാനിയമ്മയ്ക്ക് ഇത് എന്തായാലും ഉപകാരപ്പെടും.
വിപിൻ ദാസ് തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ റൊക്കോർഡ് വിജയം നേടിയിരുന്നു. സൂപ്പർ ഡൂപ്പർ ഫിലിംസുമായി ചേർന്ന് ചിയേഴ്സ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ലക്ഷ്മി വാര്യർ,ഗണേശ് മോനോൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയത്. എഡിറ്റർ ജോൺകുട്ടി.