കൊച്ചി: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ മോദിക്കൊപ്പമുളള ഇദ്ദേഹത്തിന്റെ വീഡിയോ വൈറലായി. സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പ്രചരിക്കുന്ന വീഡിയോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ട്വിറ്റർ അക്കൗണ്ടിലും റിട്വീറ്റ് ചെയ്തു. എന്നാൽ അബദ്ധം പിണഞ്ഞെന്ന് മനസിലായ ഉടൻ ഇത് പിൻവലിച്ചു.

പക്ഷെ ഇതിനോടകം തന്നെ ഇതിന്റെ സ്ക്രീൻഷോട്ട് ചിലർ എടുത്തുവച്ചിരുന്നു. ഇതാണിപ്പോൾ ട്വിറ്ററിൽ വൈറലായി പടർന്നുകൊണ്ടിരിക്കുന്നത്. ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ടതോടെ പ്രധാനമന്ത്രിയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷത്തിന് കിട്ടിയ വലിയ ആയുധമായി ഈ വീഡിയോ മാറി.

“നാരായൺ…. നാരായൺ….” എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തത്. ഐസിസിയുടെ ട്വിറ്റർ അക്കൗണ്ട് മേൽനോട്ടം വഹിക്കുന്നവരിൽ ആർക്കോ സംഭവിച്ച പിഴവാണിതെന്നാണ് കരുതപ്പെടുന്നത്. മോദിയുടെ വിമർശകർക്കാർക്കോ സംഭവിച്ച പിഴവായാണ് ഇതിനെ കാണുന്നത്.

എന്നാൽ ഒരു രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന വ്യക്തിയെ ഇത്തരത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സമിതി വിമർശിക്കുന്നതും ട്രോളുന്നതും മുൻപ് കേട്ടുകേൾവിയില്ലാത്തതാണ്. എന്നാൽ അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും മോദിക്കെതിരെ ഇതും ആയുധമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ ബിജെപി വിമർശകർ. ആൾട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ പങ്കുവച്ച ട്വീറ്റാണ് ഐസിസിയുടെ പേജിലേക്ക് റിട്വീറ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ