ന്യൂഡൽഹി: അര്‍ണാബ് ഗോസ്വാമിയുടെ ചാനലിനെതിരായ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വിമര്‍ശനത്തിലൂടെ ശ്രദ്ധേയമായതാണ് ശശി തരൂരിന്റെ ഇംഗ്ലീഷ്. അന്ന് ഡിക്ഷ്ണറി പരതി നടന്ന സോഷ്യല്‍മീഡിയാ ഉപയോക്താക്കള്‍ ‘അളിയന്‍ ഇനി ഈ വീട്ടില്‍ ഇംഗ്ലീഷ് പറയരുതെന്നും’ അന്ന് തരൂരിനോട് പറഞ്ഞു.

എന്നാല്‍ കഠിനമായ ഇംഗ്ലീഷ്​ പദങ്ങളുപയോഗിച്ച്​ വായനക്കാരെ കുഴക്കുന്നു എന്ന പരാതിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍ എംപി. ആശയങ്ങള്‍ പങ്കുവെക്കാനായി യോജിച്ച വാക്കുകള്‍ മാത്രമാണ് താന്‍ തിരഞ്ഞെടുക്കാറുളളതെന്ന് വിശദീകരിച്ച ട്വീറ്റില്‍ അദികമൊന്നും കേട്ടിട്ടില്ലാത്ത മറ്റൊരു വാക്ക് ഉപയോഗിച്ചത് ആളുകളെ ​കൊണ്ട്​ വീണ്ടും ഡിക്ഷണറി എടുപ്പിച്ചിരിക്കുകയാണ്​.

‘എ​​​ന്റെ ആശയം പ്രകടിപ്പിക്കാൻ യോജിച്ച വാക്കുകളാണ്​ താൻ തെരഞ്ഞെടുക്കുന്നത്​. അല്ലാതെ മേനി നടിക്കാനോ നിഗൂഢത സൃഷ്​ടിക്കാനോ അല്ല’ എന്നാണ്​ പുതിയ ട്വീറ്റ്​. ഈ ട്വീറ്റിൽ മേനി നടിക്കാനല്ലെന്ന്​ പറയാൻ ഉപയോഗിച്ച rodomontade എന്ന വാക്കാണ്​ ഇത്തവണ ആളുകളെ വലച്ചത്​. ചിലര്‍ ഈ വാക്കിനെ ‘ഈ മാസത്തെ വാക്ക്’ എന്നാണ് വിശേഷിപ്പിച്ചത്. പുതിയ വാക്ക് പഠിപ്പിച്ചതിന് ചിലര്‍ എംപിയോട് നന്ദിയും അറിയിച്ചു. അതേസമയം ഡിക്ഷ്ണറിയുടെ ബ്രാന്‍ഡ് അംബാസിഡറെന്നാണ് ട്വിറ്ററില്‍ മറ്റു ചിലര്‍ തരൂരിന് ചാര്‍ത്തിക്കൊടുത്ത പട്ടം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ