ലാല്‍ ജോസ്-മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന പാട്ടാണ് ഇത്തവണത്തെ ഓണാഘോഷങ്ങളിലെ പ്രാധാന ആകർഷണം. പ്രത്യേകിച്ച് ഓണാഘോഷങ്ങൾ ആവേശമാകുന്ന ക്യാംപസുകളിൽ. പരന്പരാഗത മലയാളി വേഷങ്ങൾ ധരിച്ച് ‘ജിമിക്കി കമ്മൽ’ പാട്ടിനൊപ്പം നൃത്തം ചെയ്യാത്ത ഒരു കാംപസ് ഓണാഘോഷവും ഇത്തവണ ഉണ്ടായിട്ടുണ്ടാകില്ല. അത്രത്തോളം ഓളമാണ് ഈ കാമ്പസ് പാട്ട് സൃഷ്ടിച്ചിരിക്കുന്നത്.

ഇപ്പോൾ ഈ പാട്ടിഷ്ടപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ട് അമേരിക്കയില്‍ നിന്നുപോലും ഒരു ട്വീറ്റ് എത്തിയിരിക്കയാണ്. ഏതെങ്കിലും മലയാളികളാണെന്ന് ചിന്തിച്ചാല്‍ തെറ്റി. ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വരെ അവതാരകനായെത്തിയ ഒരാളാണ് പാട്ടെനിക്കിഷ്ടായി എന്നു പറഞ്ഞ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കക്ഷിയുടെ പേരിനും പാട്ടിന്റെ പേരുമായി സാമ്യമുണ്ട്. ജിമ്മി കിമ്മല്‍!

ജിമ്മി കിമ്മിലിനെ ട്വിറ്ററിൽ പിന്തുടരുന്ന ഒരാളാണ് എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന പാട്ടിന്റെ താളത്തിനൊപ്പം ഒരു കൂട്ടം അദ്ധ്യാപകരും വിദ്യാർത്ഥികളും ചുവടു വയ്ക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പേരിലെ സാമ്യത കൊണ്ട് ഇത് കണ്ടോ എന്ന ചോദ്യത്തിന് ‘ഇതുവരെ ഇല്ല, ഇപ്പോൾ കണ്ടു, എനിക്കിത് ഒരുപാട് ഇഷ്ടമായി’ എന്നായിരുന്നു ജിമ്മിയുടെ മറുപടി.

മോഹൻലാൽ നായകനായ ചിത്രത്തിലെ ഈ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പാട്ടിനൊപ്പം പ്രായഭേദമന്യേ നൃത്തച്ചുവടുകളൊരുക്കി പലരും രംഗത്ത് വന്നു. അദ്ധ്യാപികമാരും വിദ്യാർത്ഥികളും ചേർന്നുള്ള നൃത്താവിഷ്‌കാരം ഇതിനോടകം 45 ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ