രാഷ്ട്രീയ കാര്യങ്ങളെ പ്രതിപാധിച്ചുളള ട്രോളുകള്‍ ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോവാറില്ല. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുളള ട്രോളുകള്‍ക്ക് പഞ്ഞമുണ്ടാവാറില്ല. കഴിഞ്ഞ ദിവസം ഹെയര്‍ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പ്രധാനമന്ത്രിയുടെ മെമെകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അദ്ദേഹത്തിന്റെ മുടിയില്‍ മേക്കോവര്‍ നടത്തിയ ചിത്രങ്ങളായിരുന്നു പ്രചരിച്ചത്. ഫെയ്സ്ബുക്കിലും ട്വിറ്ററിലും ചിത്രങ്ങള്‍ ഹിറ്റായി മാറി.

 

ഇത്തരം ട്രോളുകള്‍ പ്രധാനമന്ത്രിയെ ആശങ്കപ്പെടുത്താറുണ്ടോയെന്ന് നമ്മള്‍ ചിന്തിച്ചിട്ടുണ്ടാവില്ലെ. ഇതിന്റെ ഉത്തരമാണ് പ്രധാനമന്ത്രി തന്നെ ഇപ്പോള്‍ പറയുന്നത്. ഇത്തരം ട്രോളുകള്‍ താന്‍ ആസ്വദിക്കാറുണ്ടെന്നാണ് മോദി പറയുന്നത്. ആസ്വദിക്കുക മാത്രമല്ല ട്രോളുകള്‍ ഉണ്ടാക്കുന്നവരെ അദ്ദേഹം അഭിനന്ദിക്കുന്നുമുണ്ട്.
ബോളിവുഡ് താരം അക്ഷയ് കുമാറുമായുളള അഭിമുഖത്തിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരം ട്രോളുകള്‍ ഉണ്ടാക്കുന്നവരുടെ കഠിനാധ്വാനവും ഭാവനും താന്‍ പരിഗണിക്കുന്നതായാണ് മോദി വ്യക്തമാക്കുന്നത്.

‘മെമെകള്‍ ഞാന്‍ വളരെയധികം ആസ്വദിക്കുന്നുണ്ട്. മോദി ആ മെമെകളില്‍ ഉണ്ട് എന്നതിനേക്കാള്‍ അതിലെ ഭാവനയാണ് ഞാന്‍ കണക്കാക്കുന്നത്. മെമെകളില്‍ എനിക്ക് എതിരെയാണ് സംസാരിക്കുന്നതെങ്കിലും ഞാന്‍ വളരെ ആസ്വദിക്കുന്നുണ്ട്,’ മോദി പറഞ്ഞു. അക്ഷയ് കുമാറുമായുളള അഭിമുഖത്തിലായിരുന്നു മോദിയുടെ അഭിപ്രായപ്രകടനം.

ജനങ്ങളുടെ മാനസികനില മനസ്സിലാക്കാനും ഭാവനകളെ തിരിച്ചറിയാനും സോഷ്യല്‍മീഡിയയിലൂടെ സാധ്യമാവുന്നുണ്ടെന്നും മോദി പറയുന്നു. ‘നിലവില്‍ ലഭ്യമായിട്ടുളളതില്‍ നിന്നും വളരെ വ്യത്യസ്ഥമായിട്ടുളള വിവരങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ ലഭ്യമാകുന്നത്,’ മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook