പാക്കിസ്ഥാനിലെ സൈനിക ഓപ്പറേഷനിടെ പിടിയിലായ വൈമാനികൻ അഭിനന്ദൻ വർധമാനെ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും ആണ് രാജ്യം സ്വീകരിച്ചത്. വെളളിയാഴ്ച്ച രാത്രി 9.15ഓടെ വാഗാ-അത്താരി അതിര്‍ത്തി വഴിയാണ് അഭിനന്ദനെ പാക്കിസ്ഥാന് ഇന്ത്യയ്ക്ക് കൈമാറിയത്. പാക്കിസ്ഥാന് പിടികൂടിയതിന് പിന്നാലെ അദ്ദേഹത്തെ പാക് സ്വദേശികള്‍ ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. മറ്റ് വീഡിയോകളും പാക്കിസ്ഥാൻ മാധ്യമങ്ങൾക്കു നൽകി.
1.24 മിനിറ്റ് ദൈർഘ്യമുള്ള എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളാണ് പാക് അധികൃതർ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വാഗ അതിർത്തിയിൽ എത്തിച്ച അഭിനന്ദനെ ഇന്ത്യക്കു കൈമാറുന്നതിനു തൊട്ടുമുന്‍പാണ് വീഡിയോ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിട്ടത്. താൻ പാക്കിസ്ഥാന്റെ വ്യാമാതിർത്തി ലംഘിച്ചെന്നും തന്റെ വിമാനം പാക് വ്യോമസേന വെടിവെച്ചിട്ടെന്നും അഭിനന്ദൻ പറയുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയും. പാരച്ചൂട്ടിൽ നിലത്തിറങ്ങിയ തന്നെ പാക് സൈന്യമാണ് രക്ഷിച്ചതെന്നും അഭിനന്ദൻ പറയുന്നു. 17 തവണ ഈ വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടെന്നു വിദഗ്ധർ പറയുന്നു.
പാക്കിസ്ഥാൻ സൈന്യത്തെ പ്രശംസിച്ച് സംസാരിച്ച അഭിനന്ദൻ ഇന്ത്യൻ മാധ്യമങ്ങളെ വീഡിയോയിൽ വിമർശിക്കുന്നുമുണ്ട്. പാക്കിസ്ഥാൻ സേന പ്രഫഷനൽ മികവോടെയാണു പ്രവർത്തിക്കുന്നതെന്നും ഇന്ത്യൻ മാധ്യമങ്ങൾ ചെറിയ കാര്യങ്ങൾ പോലും പൊലിപ്പിച്ചുകാട്ടുന്നുവെന്നും അഭിനന്ദൻ വീഡിയോയിൽ പറയുന്നു. എന്നാല്‍ പാക് ഉദ്യോഗ്സഥര്‍ ചോദ്യം ചെയ്തപ്പോള്‍ രഹസ്യവിവരങ്ങള്‍ പുറത്ത് പറയാന്‍ അഭിനന്ദന് കൂട്ടാക്കുന്നില്ല.
നിങ്ങളുടെ ദൗത്യം എന്താണെന്ന് ചോദിക്കുമ്പോള്‍ ‘ക്ഷമിക്കണം, ഞാന്‍ അത് പറയാന്‍ പാടില്ല,’ എന്നാണ് അഭിനന്ദന് പറയുന്നത്. ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അഭിനന്ദിന്റെ ധീരതയെ ഇന്ത്യയൊട്ടാകെ പുകഴ്ത്തി. ഓരോ ഇന്ത്യക്കാരനും അഭിമാനപൂരിതമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തി. അദ്ദേഹം പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയും ചെയ്തു.
ഓരോരുത്തരും അഭിനന്ദന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ പകര്‍ത്തി എഴുതി. പ്രധാനപ്പെട്ട ഒരു സന്ദേശം പങ്കുവെക്കാനായി നാഗ്പൂര്‍ പൊലീസും ഈ വാക്ക് ഉപയോഗിച്ചു. ‘ആരെങ്കിലും നിങ്ങളുടെ ഒ.ടി.പി നമ്പര്‍ ചോദിച്ചാല്‍’: ‘ക്ഷമിക്കണം, ഞാന്‍ അത് പറയാന്‍ പാടില്ല’, എന്ന് പറയണമെന്നാണ് നാഗ്പൂര്‍ പൊലീസ് വ്യക്തമാക്കുന്നത്. ഈ ട്വീറ്റ് വൈറലായി മാറുകയും ചെയ്തു. ഇന്നലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രിയാണ് അഭിനന്ദനെ പാക്കിസ്ഥാൻ ഔദ്യോഗികമായി ഇന്ത്യക്കു കൈമാറിയത്. വൈദ്യ പരിശോധനയടക്കം മണിക്കൂറുകൾ നടപടിക്രമങ്ങൾ നീണ്ടതാണ് അഭിനന്ദന്റെ തിരിച്ചുവരവ് വൈകിച്ചത്.